കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് കോടതി വധ ശിക്ഷ വിധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിഭാഗം അഭിഭാഷകന്‍ ബി.എ.ആളൂര്‍. നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്‌ക്കോടതികള്‍. വിധിയിലൂടെ ഇന്ത്യന്‍ ജനാധിപത്യവും ജുഡീഷ്യറിയും തകര്‍ന്നുപോയെന്ന് ബി.എ.ആളൂര്‍ വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിഭാഗത്തിന്റെ ഒരു വാദവും കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്റെ നാക്കായിട്ട് ഈ കോടതി പ്രവര്‍ത്തിച്ചു. സര്‍ക്കാരിനെയും പ്രോസിക്യൂഷനെയും പേടിച്ചാണ് കോടതി തീരുമാനമെടുത്തത്. 

വിധി ജനങ്ങള്‍ക്ക് താത്പര്യമുള്ളതായിരിക്കാമെങ്കിലും നീതി ദേവതയുടെ മുന്നില്‍ എല്ലാവരും തുല്യരാണെന്നകാര്യം മറക്കരുതെന്നും ആളൂര്‍ പറഞ്ഞു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.