കൊച്ചി: പെരുമ്പാവൂര്‍-മൂവാറ്റുപുഴ എം.സി റോഡില്‍ വാഹന പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചതിനെ തുടര്‍ന്ന് ആറു വാഹനങ്ങള്‍ ഒന്നിനു പിറകേ ഒന്നായി കൂട്ടിയിടിച്ചു. കീഴില്ലത്തിനു സമീപം തായിക്കാട്ടുചിറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

പെരുമ്പാവൂര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ പോകുന്ന വശത്ത് നിന്നിരുന്ന പോലീസ് എതിര്‍വശത്തു കൂടി പോയ കള്ള് വണ്ടിയ്ക്ക് കൈ കാണിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസുകാര്‍ റോഡിന്റെ നടുവില്‍ കയറിനിന്ന് കള്ള് വണ്ടിയ്ക്ക് കൈ കാണിക്കുകയായിരുന്നെന്ന് അപകടത്തില്‍പ്പെട്ട വാഹന ഉടമകളും പറയുന്നു. അതിവേഗത്തില്‍ വന്ന വാഹനം സഡന്‍ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്നിരുന്ന വാഹനങ്ങളും ബ്രേക്കിടുകയായിരുന്നു. ഇതോടെ ആറ് കാറുകള്‍ ഒന്നിനു പിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ഒരു വാഹനത്തിന്റെ ഉടമ വ്യക്തമാക്കി.

 

perumbavoor accident

അതേസമയം, എതിര്‍ദിശയില്‍ വന്ന വാഹനത്തിന് കൈ കാണിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. വാഹനപരിശോധന നടക്കുന്നത് കണ്ടപ്പോള്‍ കള്ള് വണ്ടിയുടെ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ച് മുമ്പ് പരിശോധന നടത്തിയതിന്റെ രസീത് ഉയര്‍ത്തിക്കാട്ടി കടന്നുപോവുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പിന്നാലെ വന്ന വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കാത്തത് കാരണമാണ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ കൂട്ടിയിടിച്ചതെന്നും പോലീസ് പറയുന്നു.  

സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏറെ നേരത്തിനു ശേഷമാണ് എംസി റോഡിലെ ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനായത്.

Content Highlights: Six cars crashed in perumbavoor accident