തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയില്‍നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. മാതാപിതാക്കള്‍ കുഞ്ഞിനെ കടത്തിയെന്ന മുന്‍ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതിയിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. 

വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. 

അനുപമ കുഞ്ഞിനെ തേടിനടക്കുന്ന വാര്‍ത്ത കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു. കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ കൂടി വിഷയത്തില്‍ ഇടപെടുന്നത്. സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ പ്രസവിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. അതിനിടെ കഴിഞ്ഞ ഓഗസ്റ്റില്‍ ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് നല്‍കിയ കുഞ്ഞ് അനുപമയുടെതാണെന്ന സംശയം ബലപ്പെടുകയാണ്. അതേകുട്ടി തന്നെയാണെങ്കില്‍ ഗുരുതരമായ പിഴവ് ശിശുക്ഷേമ സമിതിക്കുണ്ടായെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

content highlights: peroorkada child missing case, women commission seek report from dgp