തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബിരുദ കോഴ്‌സുകള്‍ക്ക്  70 സീറ്റ് വരെ വര്‍ധിപ്പിക്കാം. ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങളില്‍ 25, ആര്‍ട്‌സ്-കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് വരെയും ഓരോ കോളേജുകള്‍ക്കും വര്‍ധിപ്പിക്കാം. 

സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകരുതെന്ന നിര്‍ദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

കോവിഡ് സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോകുന്നത് കുറയും. കേരളത്തിലെ സര്‍വകലാശാലകളും കോളേജുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. സംസ്ഥാനത്തെ കോളേജുകളിലെ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ഈ സാഹചര്യങ്ങളിലാണ് സീറ്റ് വര്‍ധിപ്പിക്കാനുള്ള അനുവാദമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ വരുന്ന അധിക ബാധ്യത സംബന്ധിച്ച് ബദല്‍ നിര്‍ദേശങ്ങള്‍ ഉത്തരവിലില്ല. എന്നാല്‍ സര്‍ക്കാരിന് അധിക ബാധ്യത വരുത്തരുതെന്നും നിര്‍ദേശിക്കുന്നു. അതേ സമയം എത്ര സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നതിനുള്ള അധികാരം കോളേജുകള്‍ക്കുണ്ട്.

Content Highlights: Permission to increase seats in colleges in Kerala