തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തവും അനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

സംസ്ഥാനത്ത് രണ്ടാം തംരഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലായിരുന്നു. ഇക്കാര്യത്തില്‍ അനുമതി നല്‍കാനാണ് ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം. ഹോട്ടലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാനാണ് അനുമതി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയാകണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിബന്ധന 18 വയസില്‍ താഴെയുള്ളവര്‍ക്ക് ബാധകമല്ല.

അതോടൊപ്പം ബാര്‍ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാര്‍ ഹോട്ടലുകളിലും മൊത്തം ഇരിപ്പിടങ്ങളില്‍ പകുതി മാത്രമേ ഉപയോഗിക്കാവു എന്നാണ് നിര്‍ദേശം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. അകലം പാലിച്ച് തന്നെ ഇരിപ്പടം ഒരുക്കണം. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഒരുക്കണം. 

എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സിനിമ തിയേറ്ററുകളുടെ കാര്യം പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ടെന്നും ആളുകളുടെ എണ്ണവും മറ്റും പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.