പാലക്കാട് : ജില്ലയിലെ ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പിന് നല്കിയ അനുമതികള്‍ റദ്ദാക്കി. നാട്ടാന പരിപാലനചട്ടം പ്രകാരം രൂപീകരിച്ച ജില്ലാ തല മോണിറ്ററിങ്ങ് കമ്മറ്റിയോഗത്തിലാണ് ഈ തീരുമാനം. ഉത്സവാഘോഷങ്ങളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള എല്ലാതരം വാദ്യഘോഷങ്ങളും നിയന്ത്രിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് ആറിന് ചേര്‍ന്ന മോണിറ്ററിങ് സമിതി എഴുന്നള്ളിപ്പിന് നല്‍കിയ എല്ലാ അനുമതികളും റദ്ദാക്കിയതായി എ.ഡി.എം ടി.വിജയന്‍  അറിയിച്ചു.  ഉത്സവങ്ങള്‍/ നേര്‍ച്ച എന്നിവയക്ക് ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതുവരെ നാട്ടാനകളെ എഴുന്നള്ളിക്കാനനുവദിക്കില്ല. ഒഴിവാക്കാനാവാത്ത ആചാരപരമായ ആവശ്യങ്ങള്‍ക്ക് ഒരു ആനയെ മാത്രമുപയോഗിച്ച് ചടങ്ങുകള്‍ നടത്താം. ഇതിനായി ക്ഷേത്ര ഭാരവാഹികള്‍ അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക്‌ അപേക്ഷ സമര്‍പ്പിച്ച് പ്രത്യേക അനുമതി വാങ്ങണം. അനുമതിയില്ലാതെ എഴുന്നള്ളിച്ചാല്‍ നടപടിയുണ്ടാവും.

കോവിഡ് 19 സംബന്ധിച്ച ജില്ലാതല അവലോകന യോഗത്തില്‍ നാട്ടാനകളെ എഴുന്നളളിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നതിന് നിര്‍ദേശം ലഭിച്ചിരുന്നു.  ആഘോഷങ്ങളില്‍ നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടണമെന്നു നിര്‍ദ്ദേശിച്ച് മുഖ്യ വനപാലകന്‍ കത്തും നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം

Content Highlights: Permission denied for Elephants during temple festivals in Palakkad