മുഖ്യമന്ത്രി പണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: രാജ്ഭവനില്‍ വീണ്ടും സ്ഥിര നിയമനം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പി.ആര്.ഒ ആയിട്ടുള്ള എസ്.ഡി.പ്രിന്‍സിനാണ് സ്ഥിര നിയമനം നല്കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
രാജ്ഭവനില്‍ ഗവര്‍ണറുടെ സെക്രട്ടറിയേറ്റില്‍ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ് മന്ത്രിസഭാ യോഗ തീരുമാനത്തില്‍ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സ്ഥിര നിയമനം ഇന്നുണ്ടായിരിക്കുന്നത്.
നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് ഗവര്‍ണര്‍ വെച്ച ഉപാധികളില്‍ ഈ നിയമനങ്ങളും ഉള്‍പ്പെട്ടതായാണ് സൂചന. പുനര്‍ നിയമന വ്യവസ്ഥയിലാണ് പ്രിന്‍സിനെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ കേരള സര്‍വകലാശാല പിആര്‍ഒ ആയിരുന്നു പ്രിന്‍സ്. വൈദ്യുതി ബോര്‍ഡ് പിആര്‍ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും രാജ്ഭവനില്‍ താത്കാലിക നിയമനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് പുനര്‍നിയമന വ്യവസ്ഥയില്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കിയിരിക്കുന്നത്. പെന്ഷന് കഴിഞ്ഞ പദവിക്ക് തുല്യമായ ശമ്പളമായിരിക്കും പുനര്‍നിയമനത്തിലൂടെ ലഭിക്കുക.
നിയമനങ്ങള്‍ക്ക് പുറമെ പൊതുഭരണ സെക്രട്ടറി കെ.ആര്.ജ്യോതിലാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയതോടെയുമാണ് നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്.
Content Highlights : The government again issued an order approving permanent appointment to the Raj Bhavan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..