കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊലപാതകത്തിന് പിന്നില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമാണെന്നാണ് പോലിസിന് ലഭിച്ച വിവരം. അക്രമിച്ചതിലുള്ള പ്രതികാരമായി കൊലപാതകം ആസൂത്രണം ചെയ്തു, കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്നുള്ള കൊലയാളി സംഘത്തെ നിയോഗിച്ചുവെന്നുമാണ് വിവരങ്ങള്‍. കസ്റ്റഡിയിലുള്ളവരില്‍ നിന്നാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. 

കൊല്ലപ്പെട്ട കൃപേഷ്, ശരത് എന്നിവരോട് സിപിഎം പ്രാദേശിക നേതൃത്വത്തിന് വലിയതരത്തിലുള്ള പകയുണ്ടായിരുന്നു, മുന്‍ വൈരാഗ്യമുണ്ടായിരുന്നു തുടങ്ങിയ സൂചനകളാണ് എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്ന നീക്കങ്ങളാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങളിലുമുള്ളത്. നിര്‍ണായകമായ നീക്കങ്ങളിലേക്ക് ഇന്നുതന്നെ കടന്നേക്കുമെന്നുള്ള സൂചനയാണ് പോലീസ് നല്‍കുന്നത്. 

കൊലപാതകത്തിന് എത്തിയ അക്രമിസംഘം സംസ്ഥാനം വിട്ടുപോയിട്ടില്ല എന്നാണ് സൂചന. കൊലയാളികള്‍ എവിടെനിന്നുള്ളവരാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഘത്തില്‍ ഉള്‍പ്പെട്ടവരേപ്പറ്റിയുള്ള ധാരണ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അക്രമികള്‍ എത്തിയെന്ന് കരുതുന്ന ജീപ്പിനെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റഡിയില്‍ നിന്നുള്ളവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ നിര്‍ണായ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് സൂചന.

ContentHighlights: Periye Political Murder, Police get Crucial Evidences