തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം സംഭവങ്ങള്‍ നടത്താന്‍ പാടില്ല എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അവരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല. അത്തരക്കാര്‍ക്ക് സിപിഎമ്മില്‍ യാതൊരു സ്ഥാനവുമുണ്ടാകില്ല. അവര്‍ക്ക് പാര്‍ട്ടി യാതൊരു സംരക്ഷണവും നല്‍കില്ലെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎമ്മുകാര്‍ യാതൊരു അക്രമത്തിലും പങ്കെടുക്കാന്‍ പാടില്ല. അണികള്‍ ഇതുള്‍ക്കൊള്ളുന്നില്ലെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി അവര്‍ക്ക് യാതൊരു സഹായവും നല്‍കില്ല. തൃശ്ശൂര്‍ സംസ്ഥാന സമ്മേളനത്തിന്റെ ലംഘനമാണ് കാസര്‍കോട് നടന്നിരിക്കുന്നത്. അതിനാലാണ് ബന്ധപ്പെട്ടയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ പങ്ക് സമ്മതിക്കുന്ന പ്രസ്താവനയായിരുന്നു കോടിയേരി നടത്തിയത്. 

കൊലപാതക രാഷ്ട്രീയത്തിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ ഭാഗമായി ഏറ്റവുമധികം പ്രവര്‍ത്തകരെ നഷ്ടപ്പെട്ടത് സിപിഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. 700 ല്‍ പരം സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 236 പേരെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ്. ബാക്കിയുള്ള മഹാഭൂരിപക്ഷം ആളുകളെ കൊന്നൊടുക്കിയത് കോണ്‍ഗ്രസാണെന്നും കോടിയേരി ആരോപിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്ത് പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പില്‍ അഞ്ചാളെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അഞ്ച് സിപിഎമ്മുകാരെ തീയിട്ടുകൊന്നത് കാസര്‍കോട്ടെ ചീമേനിയിലാണ്. അ തുമറക്കരുത്. എന്തായാലും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം. ഇത് പാര്‍ട്ടിയെടുത്ത ദൃഢപ്രതിജ്ഞയാണ്. അത് എല്ലാവരും ഉള്‍ക്കൊള്ളണം. അതിന് വ്യത്യസ്തമായ നിലപാടാണ് കാസര്‍കോട് ഉണ്ടായത്. 

ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത പ്രധന നടപടി എന്നത്, പിഡിപിപി ആക്ട് ഭേദഗതിയാണ്. ഇതുപ്രകാരം പാര്‍ട്ടി ഓഫീസുകള്‍ നശിപ്പിച്ചാലും പൊതുമുതല്‍ നശിപ്പിച്ചതിന്റെ പരിധിയില്‍ വരും. വ്യക്തികളുടെ കടകള്‍ ആക്രമിച്ചാലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചാലും ഇത് ബാധകമാകും. ഈ സംഭവത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടാലും ഏത് പാര്‍ട്ടിക്കാരനായാലും കേസ് ബാധകമാകും. ഇതെല്ലാം അക്രമം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം നടപ്പിലാക്കിയത്. 

ടി.പി. കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണ്. ആ സംഭവത്തിലും ബന്ധമുണ്ടെന്ന് കണ്ടവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ടി.പി. കേസില്‍ കുഞ്ഞനന്തനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞനന്തനെ ആ കേസില്‍ ബോധപൂര്‍വം പ്രതിചേര്‍ത്തതാണെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. അത്തരത്തില്‍ തെറ്റായ ഒരാളെ പ്രതിചേര്‍ത്താല്‍ അത് പാര്‍ട്ടി അംഗീകരിക്കില്ല. 

സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പ്രതിചേര്‍ത്താല്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കും. അതാണ് പാര്‍ട്ടി നിലപാട്. സംഭവവുമായി കുഞ്ഞനന്തന് ബന്ധമില്ല എന്ന് പാര്‍ട്ടിക്ക് പൂര്‍ണബോധ്യമുണ്ട്. യുഡിഎഫ് കള്ളക്കേസുണ്ടാക്കിയതാണ് കുഞ്ഞനന്തന്റെ പേരില്‍. ഒരു കേസില്‍ പോലീസ് പിടിക്കുന്നവരെല്ലാം യഥാര്‍ഥ പ്രതികളായിരിക്കണമെന്നില്ല. പ്രതികള്‍ സിപിഎമ്മുകാരായാലും പോലീസ് നടപടിയെടുക്കണം. വാര്‍ത്തയുടെ അടിസ്ഥാനത്തിലല്ല വസ്തുതയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ കാണേണ്ടത്. 

കൊടി സുനിയൊന്നും പാര്‍ട്ടി നേതാവല്ല. അവരാരും പാര്‍ട്ടി അംഗം പോലുമല്ലെന്നും കൊടിസുനിയുടെ പേരിലുള്ള കേസുകളേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഹര്‍ത്താല്‍ നടത്തിയത് ഇടതുപക്ഷമായിരുന്നുവെങ്കില്‍ ഏകപക്ഷീയമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമായിരുന്നു. നല്ലൊരു ശതമാനം മാധ്യമങ്ങളുടെ സമീപനം തന്നെ ഇടതുപക്ഷ വിരുദ്ധമാണെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. 

Content Highlights: Periye political Murder Kodiyeri Balakrishnan Statement