കാഞ്ഞങ്ങാട്: ശരത് ലാലിന്റെയും കൃപേഷിന്റെയും ഓര്‍മ ജ്വലിച്ച് ഒന്നാം രക്തസാക്ഷിദിനാചരണം. കഴിഞ്ഞ വര്‍ഷം ഫെബ്രവരി 17-നാണ് പെരിയ കല്ല്യോട്ടെ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച പുലര്‍ച്ചെ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ പ്രഭാതഭേരി നടന്നു. രാവിലെ ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടുംബാഗംങ്ങള്‍ തൃക്കണ്ണാട് ത്രയംബേകശ്വര ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണം നടത്തി. തുടര്‍ന്ന് എം.പി.മാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യാഹരിദാസ്, ഷാഫിപറമ്പില്‍ എം.എല്‍.എ,ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്ല്യോട്ടെ സ്മൃതികുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും നാട്ടുകാരും പുഷ്പാര്‍ചനയില്‍ പങ്കെടുത്തു. 

രാവിലെ പത്തു മണിയോടെ കല്ല്യോട്ട് ജംഗഷ്‌നില്‍ അമ്മമാരുടെ പ്രാര്‍ഥന സദസ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷിന്റെ അധ്യക്ഷതയില്‍ രമ്യാഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്തു. ഭഗവ്തഗീതയും ഖുര്‍ ആനും ബൈബിളും വായിച്ച് അമ്മമാര്‍ ശരത്‌ലാലിന്റേയും കൃപേഷിന്റേയും ആത്മശാന്തിക്കായി പ്രാര്‍ഥിച്ചു. ഉച്ചക്കുശേഷം കല്ല്യോട്ട് ഗ്രാമത്തില്‍ നിന്നു ആറു കിലോമീറ്റര്‍ ദൂരമകലെ പെരിയ ജംഗ്ഷനിലേക്ക് കാല്‍നടയായുള്ള സ്മൃതി യാത്ര. കെ.എസ്.യു- പ്രവര്‍ത്തകര്‍ മുന്നിലും പിന്നാലെ യൂത്തുകോണ്‍ഗ്രസ്-മഹിളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രവര്‍ത്തരും തുടങ്ങി ആയിരങ്ങള്‍ സ്മൃതിയാത്രയില്‍ അണിനിരന്നു.വൈകീട്ട് അഞ്ചു മണിയോടെ പൊതുസമ്മേളനം തുടങ്ങി. എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അധ്യക്ഷത വഹിച്ചു. എം.പി.മാരായ എം.കെ.രാഘവന്‍,ഡീന്‍കുര്യാക്കോസ്,എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്,എം.സി.ഖമറുദീന്‍,കെ.പി.സി.സി.നേതാക്കളായ കെ.പി.അനില്‍കുമാര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, അഡ്വ. സജീവ്‌ജോസഫ്, അഡ്വ.പി.എം.നിയാസ്, ജി.രതികുമാര്‍,ഡി.സി.സി.പ്രസിഡന്റ് ഹക്കീംകുന്നില്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, സംഘാടക സമിതി കണ്‍വീനര്‍ ടി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ശരത്‌ലാലിന്റെ അച്ഛന്‍ പി.കെ.സത്യനാരായണന്‍,സഹോദരി അമൃത,കൃപേഷിന്റെ അച്ഛന്‍ പി.കൃഷ്ണന്‍,സഹോദരി കൃഷ്ണപ്രിയ,മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എന്നിവരും വേദിയിലുണ്ടായിരുന്നു

പ്രതികളെ ശിക്ഷിക്കുന്നതുവരെ കോണ്‍ഗ്രസ് നിയമപോരാട്ടം നടത്തും-കെ.സി.വേണുഗോപാല്‍

ശരത്‌ലാലിന്റേയും കൃപേഷിന്റേയും കൊലയാളികളെ ശിക്ഷിക്കുന്നതുവരെ കോണ്‍ഗ്രസ് നിയമപോരാട്ടം നടത്തുമെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.പെരിയയില്‍ ശരത്‌ലാല്‍-കൃപേഷ് രക്തസാക്ഷിത്വദിനാചരണത്തിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ ഒരു കോടി രൂപയാണ് ഖജാനാവില്‍ നിന്നു സര്‍ക്കാര്‍ ചിലവിട്ടത്. സി.പി.എമ്മിന് കൊലയില്‍ പങ്കില്ലെന്നാണ് ഈ സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും പറയുന്നത്.അങ്ങിനെയാണെങ്കില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്.ഇനിയെങ്കിലും കോടതിയില്‍ ഇതിനെതിരെയുള്ള പോരാട്ടം നടത്താതിരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. നിങ്ങള്‍ എത്രതന്നെ രക്ഷിക്കാന്‍ ശ്രമിച്ചാലും പ്രകൃതി നിയമത്തിന്റെ ശിക്ഷയില്‍ നിന്നു ഊരിപ്പോകാമെന്ന് കരുതേണ്ട.ആ പ്രകൃതി നിയമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന് കിട്ടിയ ഈ എം.പി.സ്ഥാനം.ഈ നാട്ടിലെ അമ്മമാരുടെ കണ്ണീരും ശാപവും സി.പി.എമ്മിനെ അവസാന കാലം വരെ പിന്തുടരും. തീവ്രവിപ്ലവത്തിന്റെ പുസ്തകം വായിച്ചതിനാണ് അലനേയും താഹയേയും യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. ഉത്തരേന്ത്യയിലും മറ്റും  ആള്‍ക്കൂട്ടക്കൊല നടത്തുന്നതിനെതിരെ നമ്മള്‍ ആഞ്ഞടിക്കുന്നു. ഇവിടെ അരയി ഗ്രാമത്തില്‍ സി.പി.എമ്മുകാര്‍ ഷുക്കൂറിനെ കൊന്നത് അങ്ങിനെയല്ലേ. മോദിക്ക് പഠിക്കുകയാണ് പിണറായി.വര്‍ഗീയ ഫാസിസമാണ് മോദിയും ഷായും നടത്തുന്നതെങ്കില്‍ സി.പി.എം ഇവിടെ അക്രമഫാസിസം നടത്തുന്നുവെന്നേ ഉളളൂ.

kc venugopal
പെരിയയില്‍ നടന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: രാമനാഥ് പൈ

ഗ്രാമവിശുദ്ധി നിറഞ്ഞ ആത്മര്‍ഥതയേറിയ നിഷ്‌കളങ്കരായ ഈ രണ്ടുചെറുപ്പക്കാരെ  എന്തിനാണ് അരിഞ്ഞു തള്ളിയതെന്ന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യവേ കെ.സി.വേണുഗോപാല്‍ ചോദിച്ചു.അവരുടെ വേര്‍പാടിന്റെ വേദനയിലും ഇത്രയധികം ആവേശത്തോടെ ഓര്‍മകള്‍ ജ്വലിപ്പിക്കുന്ന കല്യോട്ടെ  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എ.ഐ.സി.സി.യുടെ സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു.ഏതുപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാനാകുമോ ഈ അരുംകൊല.കൊല നടത്തിയാല്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ആവര്‍ത്തിക്കുന്നത് സി.പി.എമ്മിന്റെ പതിവ് സ്വഭാവമാണ്-കെ.സി.പറഞ്ഞു

പ്രതിഷേധവും സങ്കടവും നിറഞ്ഞ് സ്മൃതിയാത്ര 

പെരിയ: ശര്തലാലിന്റേയും കൃപേഷിന്റേയും ജീവനെടുത്തവര്‍ക്കെതിരെയുള്ള പ്രതിഷേധവും അവരുടെ ഓര്‍മയില്‍ നിറഞ്ഞ സങ്കടവുമായിരുന്നു സ്മൃതിയാത്രയില്‍ കണ്ടത്. ജില്ലക്കകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് ആളുകള്‍ ആറുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കല്യോട്ട്-പെരിയ റോഡില്‍ നിറഞ്ഞു. കുട്ടികളും മുതര്‍ന്നവരും ആര്‍ത്തിരമ്പി മുദ്രാവാക്യം വിളിച്ചു. 

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും ഡി.സി.സി.പ്രസിഡന്റ് ഹക്കീംകുന്നിലും ഉള്‍പ്പടെയുള്ളവര്‍ നയിച്ച യാത്രയില്‍ പതാകയേന്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കെ.എസ്.യു-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ആവേശഭരിതരായി. വിളിച്ച മുദ്രാവാക്യങ്ങളത്രയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനെതിരെയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മുദ്രാവാക്യങ്ങളുമുയര്‍ന്നു.പെരിയയിലെ അനുസ്മരണ സമ്മേളനത്തിലേക്ക് യാത്രയുടെ മുന്‍ നിരയെത്തുമ്പോള്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നു.ശരതും കൃപേഷും മരിച്ചുകിടക്കുന്ന ഓര്‍മകളില്‍ അന്നത്തെ സംഭവങ്ങള്‍ ഒരോന്നും എടുത്തു പറഞ്ഞായിരുന്നു നേതാക്കളുടെ പ്രസംഗം.അധ്യക്ഷ പ്രസംഗത്തില്‍ അന്നു കെ.പി.സി.സി. ജാഥ നിര്‍ത്തിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.പറഞ്ഞു.ഇരകളുടെ പക്ഷത്ത് സര്‍ക്കാര്‍ നില്‍ക്കാന്‍ തയ്യാറുണ്ടോയെന്നും സി.ബി.ഐ അന്വേഷിച്ചാല്‍ ഇപ്പോഴുള്ള പ്രതികളുടെ കൂട്ടത്തില്‍ നാലു സി.പി.എം നേതാക്കള്‍ കൂടി കുടുങ്ങുമെന്നുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെ.നീലകണ്ഠന്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കള്‍ക്കു പുറമെ, അഡ്വ.സി.കെ.ശ്രീധരന്‍, പി.എ.അഷറഫലി, ശാന്തമ്മഫിലിപ്പ്,എ.ഗോവിന്ദന്‍നായര്‍,അഡ്വ.കെ.കെ.രാജേന്ദ്രന്‍,പി.കെ.ഫൈസല്‍,ധന്യാസുരേഷ്,ഗീതാകൃഷ്ണന്‍,വിനോദ്കുമാര്‍പള്ളയില്‍വീട്,ഹരീഷ്.പി.നായര്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍പെരിയ,മീനാക്ഷിബാലകൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിച്ചു.

remya haridas
കൃപേഷ്-ശരത് ലാല്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് കല്ല്യോട്ട് സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമം
രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ: രാമനാഥ് പൈ

ഗീതയും ഖുര്‍ആനും ബൈബിളും വായിച്ച് പ്രാര്‍ഥനാ സദസ്

പെരിയ: ശരത് ലാലിനെയും കൃപേഷിയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് കൊണ്ട് നടന്ന അമ്മമാരുടെ പ്രാര്‍ഥനാ സദസ്സില്‍ ഓര്‍മത്തിരയുടെ സങ്കടമിരമ്പി.  മഹിളാ കോണ്‍ഗ്രസ് ആണ് കല്യോട്ട് മാതൃസംഗവമവും പ്രാര്‍ഥനാ സദസും നടത്തിയത്.  ആലത്തൂര്‍ എം.പി.രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. 

അമ്മയുടെ മഹത്വവും കുഞ്ഞിനായുള്ള ത്യാഗവും വാല്‍സല്യവും എണ്ണിയെണ്ണി പറഞ്ഞ് കൊണ്ടായിരുന്നു രമ്യയുടെ പ്രസംഗം. ഉദരത്തില്‍ കുഞ്ഞ് പിറക്കുമ്പോഴേ തന്റെഇഷ്ടങ്ങള്‍ മാറ്റി വെച്ച് കുഞ്ഞിനായി കാത്തിരിക്കുന്ന അമ്മമാരോളം മഹത്വം ഭൂമിയില്‍ മറ്റൊന്നിനും ഉണ്ടാകില്ലെന്നു കൂടി പറഞ്ഞപ്പോള്‍ സദസും ഈറനണിഞ്ഞു.പ്രതികളെ രക്ഷപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഈ അമ്മമാരുടെ കണ്ണീരിലും പ്രാര്‍ഥനയിലും ആ പര്‍ട്ടിയുടെ ആണിക്കല്ല് ഇളകുമെന്നും അവര്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഓഫീസുകളില്‍ ആസൂത്രണം ചെയ്ത് കൊല നടപ്പിലാക്കുന്ന പാര്‍ട്ടി കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് അവര്‍ പറഞ്ഞു.ആറ്റുനോറ്റുണ്ടായ ഒരുണ്ണീ എന്ന പാട്ടുപാടി ഉദ്ഘാടകയും സൂര്യകാന്തി കവിത ആലപിച്ച് അധ്യക്ഷയും സദസിനെ ആര്‍ദ്രമാക്കി.മത ഗ്രന്ഥങ്ങളുടെ പാരായണവും നടന്നു. മീനാക്ഷി ബാലകൃഷ്ണന്‍ ഭഗവത് ഗീതയും ദിനേശ് മേപ്പാട്ട് ഭാഗവതവും മുഹാജിര്‍ ഖുറാനും ബിന്ദുബേബി ബൈബിളും വായിച്ചുഷാഫി പറമ്പില്‍ എം.എല്‍ എ, ഡി.സി.സി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാജനറല്‍ സെക്രട്ടറി പി. ശ്രീകല, ജോളി സെബാസ്റ്റ്യന്‍, സിന്ധു പത്മനാഭന്‍ ,തങ്കമണി സി.നായര്‍, ഗീതാ കൃഷ്ണന്‍, ഉഷ ചന്ദ്രന്‍ , എം.കെ.ബാബുരാജ്, പി.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: Periya Youth congress workers Kripesh and Sarath Lal's death anniversary , Periya Double Murder