കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലുണ്ടായ ഗുണ്ടാ ആക്രണത്തിൽ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയ്ക്ക് പരിക്കേറ്റു. പെരിയ ഇരട്ടക്കൊലപാതകക്കേസിലെ  മൂന്നാം പ്രതിയും സി.പി.എം. പ്രവർത്തകനുമായ എച്ചിലാംവയൽ സ്വദേശി കെ.എം. സുരേഷിനെയാണ് സഹതടവുകാരനായ എറണാകുളം സ്വദേശി അസീസ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സുരേഷിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബൽ കൊണ്ട് അസീസ് സുരേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം.

ജയിലിൽ രണ്ടാം ബ്ലോക്കിനടുത്ത് വെച്ച് ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. സുരേഷ് വ്യായാമം ചെയ്യുമ്പോൾ അസീസ് ആക്രമിക്കുകയായിരുന്നു. നിരവധി അക്രമ -ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ് അസീസ്. 

അടിയന്തര ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കിൽ സുരേഷിനെ വിദഗ്ദ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.


Content highlights: Periya murder case: accused suresh attacked by prisoner