പെരിയ: കാസര്‍ഗോഡ് പെരിയയില്‍ ഇരട്ടകൊലപാതകത്തിന്റെ ഇരയായ കൃപേഷ് ലാലിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നു. കൃപേഷ് കൊല്ലപ്പെട്ട് 50 ദിവസത്തിനുള്ളിലാണ് ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെടുത്തി കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കിയത്. 

മൂന്നു കിടപ്പുമുറി, അടുക്കള, സെന്‍ട്രല്‍ ഹാള്‍, ഡൈനിങ് ഹാള്‍ ഉള്‍പ്പെടെ 1100 സ്‌ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.  ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരില്‍ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയര്‍ന്നത്.  പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഈ വീടിനോടുചേര്‍ന്ന് കുഴല്‍ക്കിണര്‍ നിര്‍മിച്ചുനല്‍കി.

ചടങ്ങില്‍ ഹൈബി ഈഡന്‍, അദ്ദേഹത്തിന്റെ കുടുംബം, കാണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശന്‍ എംഎല്‍എ, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹക്കിം കുന്നില്‍, പ്രാദേശിക നേതാക്കള്‍, കൃപേഷിന്റെ സുഹൃത്തുക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെട്ട 30-ാമത്തെ വീടാണിത്.  മാര്‍ച്ച് മൂന്നിനാണ് കുറ്റിയടിച്ച് നിര്‍മാണം തുടങ്ങിയത്.

Content Highlights: Periya double murder victim kripeshs House warming, Periya Double murder