കൊച്ചി: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ പ്രതിചേര്‍ത്തു. കുഞ്ഞിരാമനെ അടക്കം പത്ത് പ്രതികളെ കൂടി കേസില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിരാമനടക്കം പത്ത് പേര്‍കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത കാര്യം സിബിഐ അറിയിക്കുന്നത്.

ഉദുമ മുന്‍ എംഎല്‍എയായ കുഞ്ഞിരാമന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. രാഘവന്‍ വെളുത്തോളി, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഭാസ്‌കരന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റ് ചെയ്തവരെ കൂടാതെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തവര്‍. 

കല്യോട്ട് ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് (38), കല്യോട്ടെ സുരേന്ദ്രന്‍ (വിഷ്ണു സുര-47), കല്യോട്ടെ ശാസ്താ മധു (40), ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ് (44), ഹരിപ്രസാദ് ഏച്ചിലടുക്കം (31) എന്നിവരെയാണ് ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കുഞ്ഞിരാമനെയടക്കമുള്ള ബാക്കിയുള്ള പ്രതികളുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷംമുന്‍പ് പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐ. ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണ്  ഇന്നലെ നടന്നത്. നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം 24 ആയി. 2019 ഫെബ്രുവരി 17-നാണ് ഇരട്ടക്കൊല നടന്നത്.

Content Highlights : Periya murder Case; CBI probe to CPM leaders; Former MLA KV Kunhiraman is the accused