കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍. അറസ്റ്റ് ചെയ്ത എല്ലാവരും സിപിഎം പ്രവര്‍ത്തകരല്ല. പാവങ്ങള്‍, ഇതൊന്നും അറിയാത്തവരാണ് എല്ലാവരും. ഇത് അവിടുത്തെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കുമറിയാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു ഏത് അന്വേഷണവും നടത്താമെന്ന് നേരത്തെ തന്നെ പാര്‍ട്ടി പറഞ്ഞതാണ്. അന്വേഷണം നടത്തിയപ്പോള്‍ സിപിഎം നേതാക്കളെ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതൊക്കെ മുറയ്ക്ക് നടക്കട്ടെ. ഞങ്ങള്‍ക്ക് കൈയും കെട്ടി നോക്കിനില്‍ക്കാന്‍ പറ്റില്ലെന്നും എം.വി.ബാലകൃഷ്ണന്‍ വ്യക്തമാക്കി.

'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ ഒരുകാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്. കൊലപാതകം നടന്ന പുല്ലൂര്‍-പെരിയ പഞ്ചായത്തിലടക്കമാണ് പാർട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചത്. കല്ല്യോട് അടക്കമുള്ള വാര്‍ഡുകളെടുത്താലും മുമ്പ് ലഭിച്ചതിനേക്കാള്‍ വോട്ട് സിപിഎമ്മിനും ഇടുതുമുന്നണിക്കും ലഭിച്ചു.

ഞങ്ങളാണ് കൊലയാളിയെങ്കില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് എതിരാകേണ്ടതല്ലേ. കോണ്‍ഗ്രസുകാരടക്കം ഞങ്ങള്‍ക്ക് വോട്ട് ചെയ്തല്ലോ. അപ്പോള്‍ ഇത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ. ഞങ്ങള്‍ അശ്ലേഷം ഭയമില്ല. ആരെ വേണമെങ്കിലും പ്രതിചേര്‍ക്കട്ടെ. മടിയില്‍ കനമുള്ളവനെ അല്ലെ പേടിക്കേണ്ടതുള്ളൂ' സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

കോണ്‍ഗ്രസ് പറഞ്ഞ ആളുകളെ സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും അതില്‍ ആര്‍ത്തട്ടഹസിച്ച് നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights : CPM Kasargod District Secretary MV Balakrishnan comments on arresting KV Kunhiraman