തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കം ഇതോടെ പുറത്തുവന്നെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ജനം പ്രതിരോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

പെരിയ കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികളെ രക്ഷിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണിത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് തെളിഞ്ഞു. കേരളത്തെ നടുക്കിയ കൊലപാതകത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി കേരളത്തോട് കടുംദ്രോഹമാണ് ചെയ്തത്. പ്രതികളെ രക്ഷിക്കാന്‍ ഇനി അപ്പീലിന് പോകാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയാണ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

Content Highlights: periya double murder case highcourt verdict; ramesh chennithala warns ldf govt and cm