കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തു. കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി.സുധീന്ദ്രകുമാറാണ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ ഉത്തരവിട്ടത് 

പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

ഒന്നാംപ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

കൊലപാതകത്തില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ടതാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്ന ഗൗരവമായ പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.

സാക്ഷിയുടെ മൊഴിയേക്കാളും പ്രതിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. 

2019 ഫെബ്രുവരി 17-നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്. 

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഒന്നാംപ്രതി പീതാംബരന് ശരത്ത് ലാലിനോടുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. 229 സാക്ഷികളുടെ മൊഴിയെടുത്തതായി കുറ്റപത്രത്തില്‍ പറയുന്നു. 12 വാഹനങ്ങളുള്‍പ്പെടെ 125-ലേറെ തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. അമ്പതിലേറെ രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു.

പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്. പീതാംബരനുപുറമേ സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി താനിത്തോട്, രഞ്ജിത്ത്, പ്രദീപ്, ആലക്കോട് മണി, സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, പാര്‍ട്ടി ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്ഠന്‍ എന്നിവരാണ് പ്രതികള്‍. 

Content Highlights: periya double murder case; highcourt ordered cbi investigation