കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന്‍, മുന്‍ ഉദുമ എംഎല്‍എ കെവി കുഞ്ഞിരാമന്‍ എന്നിവര്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികള്‍ക്ക് പുറമേ 10 പേരെകൂടിയാണ് സിബിഐ പ്രതി ചേര്‍ത്തത്. 

ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. 19 പേര്‍ക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി. അഞ്ച് പേര്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് കേസ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെതിരേ ചുമത്തിയത്. 

കേസില്‍ 19 പേരാണ് ഇതുവരെ അറസ്റ്റിലായത്. സിപിഎം പ്രവര്‍ത്തകരെ അഞ്ചുപേരെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം കുഞ്ഞിരാമന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ അഞ്ചു പ്രതികളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 

2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. 

content highlights: periya double murder case, cbi submits chargesheet