കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ സംഘം സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ കെ.മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു. കേസിലെ 14-ാം പ്രതിയാണ് മണികണ്ഠന്‍. അതിനിടെ സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
സി.ബി.ഐ. ഡിവൈ.എസ്.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം അകത്തേക്ക് കയറിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതികള്‍ ഉറങ്ങിയ ഇടവും മറ്റും കൃത്യമായി രേഖപ്പെടുത്തി. 2019 ഫെബ്രവുരി 17-നാണ് കൊല നടത്തിയത്. അന്നു രാത്രി പ്രതികളില്‍ നാലു പേര്‍ സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റി ഓഫീസിലും ബാക്കി നാലുപേര്‍ വെളുത്തോളി ഗ്രാമത്തിലെ ഒരു വീട്ടിലുമാണ് തങ്ങിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
സി.പി.എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടില്‍ പീതാംബരന്‍ ഉള്‍പ്പടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ 11 പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. എട്ടുപേരാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ രണ്ടു വാഹനങ്ങളിലായി വെളുത്തോളി ഗ്രാമത്തിലെത്തുകയും അവിടെ നിന്നു നാലുപേര്‍ ചട്ടഞ്ചാലിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. മുന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൃത്യമാണോയെന്ന പരിശോധനയാണ് സി.ബി.ഐ നടത്തുന്നത്.
വെളുത്തോളിയില്‍ വച്ചാണ് പ്രതികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞത്. ഈ സ്ഥലത്തും സി.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൊലയ്ക്കു ശേഷം വാഹനങ്ങള്‍ ഉപേക്ഷിച്ചയിടം, ആയുധങ്ങള്‍ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലും സി.ബി.ഐ സംഘമെത്തി. കല്ല്യോട്ടെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ശരത് ലാലിന്റെ അമ്മ ലത, കൃപേഷിന്റെ അച്ഛന്‍ പി.കൃഷ്ണന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
Content Highlight: Periya double murder case: CBI raids at CPM area committee office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..