പെരിയ: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട നടപടിയില്‍ നന്ദിരേഖപ്പെടുത്തി ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം. കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരും നടത്തുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കേസില്‍ സി.ബി.ഐ. അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.
നീതിപീഠത്തില്‍ വിശ്വാസമുണ്ട്. എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ, സര്‍ക്കാരിന്റെ അനീതിക്കെതിരെയുള്ള നടപടിയാണ് കോടതിയുടേത്. ഇതിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സത്യാഗ്രഹമിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കും നന്ദി പറയുന്നുവെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണനും കൃപേഷിന്റെ അച്ഛനായ കൃഷ്ണനും കോടതി ഉത്തരവിനോട് പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. 2019 സെപ്റ്റംബര്‍ 30-നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായത്. അതേസമയം കുറ്റപത്രം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.