Photo: mathrubhumi
കൊച്ചി: പെരിന്തല്‍മണ്ണയിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. നാലാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തപാല്‍ ബാലറ്റുകള്‍ അടങ്ങിയ പെട്ടി എങ്ങനെ ട്രഷറിയില്‍നിന്ന് മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തി, ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പങ്കാളിത്തമുണ്ട്, പെട്ടിയില്‍ എന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ വരിക. തപാല്‍ ബാലറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടി കോടതിമുറിക്കുള്ളില്‍വെച്ച് തുറന്ന് പരിശോധിക്കാനും ഹൈക്കോടതി തീരുമാനമെടുത്തിട്ടുണ്ട്.
പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്‌ട്രോങ് റൂമില്‍നിന്നാണ് തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടി കാണാതായത്. ഇത് പിന്നീട് മലപ്പുറം സിവില്‍ സ്റ്റേഷനിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കണ്ടെത്തുകും ചെയ്തു. പെട്ടിയില്‍നിന്ന് 482 സാധുവായ തപാല്‍വോട്ടുകള്‍ കാണാതായിട്ടുണ്ടെന്നാണ് സബ് കളക്ടര്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണയിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യംചെയ്തുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ സംഭവം.
38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം. എന്നാല്‍ സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് 340 തപാല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നും ഇവയില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്കാണ് ലഭിച്ചതെന്നുമാണ് ഇടതുസ്ഥാനാര്‍ഥിയായ കെ.പി.എം. മുസ്തഫയുടെ വാദം. ഇതുസംബന്ധിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതായത് വന്‍വിവാദത്തിനിടയാക്കിയിരുന്നു.
Content Highlights: perinthalmanna postal ballot box missing high court order to inquiry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..