പോലീസ് സ്റ്റേഷനിൽ യുവാക്കൾക്ക് ചായ നൽകുന്ന ദൃശ്യങ്ങൾ.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അര്‍ധരാത്രി ചായ കുടിക്കാനിറങ്ങിയ യുവാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചായ നല്കിയ സംഭവത്തില്‍ പ്രതികരണവുമായി എസ്.ഐ. ചായ കുടിക്കാന്‍ വേണ്ടി 22 കിലോമീറ്റര്‍ ദൂരം വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വാസ്യത തോന്നിയില്ലെന്നും അത് ഉറപ്പുവരുത്താനാണ് യുവാക്കളെ സ്റ്റേഷനില്‍ കൊണ്ടുപോയതെന്നും എസ്.ഐ. സി.കെ.നൗഷാദ് 'മാതൃഭൂമി ഡോട്ട് കോമി'നോട് പറഞ്ഞു.
രാത്രികാലങ്ങളില്‍ പട്രോളിങ് നടത്തുമ്പോള്‍ അപരിചിതരെ കാണുമ്പോള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും വാഹനങ്ങള്‍ പരിശോധിക്കുന്നതും പോലീസിന്റെ ഡ്യൂട്ടിയാണ്. അത്തരത്തിലാണ് ആ കുട്ടികളെയും കണ്ടത്. ഇത്രയും ദൂരം ചായകുടിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞകാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടി സ്റ്റേഷനില്‍ കൊണ്ടുപോയതാണ്. അവര്‍ നല്ലകുട്ടികളാണെന്നും കുഴപ്പമൊന്നുമില്ലെന്നും കണ്ടപ്പോള്‍ ഞങ്ങള്‍ ചായ അവരുമായി ഷെയര്‍ ചെയ്തെന്നേയുള്ളൂ. അതില്‍ വേറെയൊന്നുമില്ല. അവരെക്കൊണ്ട് ചായ ഉണ്ടാക്കിയിട്ടില്ല. നമ്മളെല്ലാം ചേര്‍ന്നാണ് ഉണ്ടാക്കിയത്. അവര്‍ക്ക് ഇഷ്മുള്ള മധുരം അവര്‍ ഇട്ടെന്നേയുള്ളൂ'- എസ്.ഐ. പറഞ്ഞു.
'രാത്രി ആര്‍ക്കും യാത്രചെയ്യാം. എന്നാല്‍ അപരിചതരെ കണ്ടാല്‍ ചലഞ്ച് ചെയ്യുന്നതും വാഹനപരിശോധന നടത്തുന്നതും പോലീസിന്റെ ഡ്യൂട്ടിയാണ്. കുറ്റവാളികളും രാത്രി സഞ്ചരിക്കാറുണ്ട്. അതിനാല്‍ പോലീസ് പരിശോധന നടത്തും. രാത്രി ഒരുമണി സമയത്തോടെയാണ് യുവാക്കളെ കണ്ടത്. ചായ കുടിക്കാന്‍ വേണ്ടി 22 കിലോമീറ്റര്‍ ദൂരം വന്നുവെന്ന് പറഞ്ഞപ്പോള്‍ വിശ്വാസ്യത ഇല്ലായിരുന്നു. അത് ഉറപ്പുവരുത്താനാണ് കൊണ്ടുപോയത്'- എസ്.ഐ. വ്യക്തമാക്കി. പ്രോട്ടോക്കോള്‍ അനുസരിച്ച് കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രാത്രി ചായ കുടിക്കാനിറങ്ങിയ യുവാക്കളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചായ നല്കിയ സംഭവത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. രാത്രി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്നും പോലീസിന്റേത് മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് ഫെയ്സ്ബുക്കിലെ കമന്റുകള്‍. എവിടെ പോയി ചായ കുടിക്കണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്നും പോലീസ് ഇക്കാര്യങ്ങളില്‍ കൈകടത്തേണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
Content Highlights: perinthalmanna police given tea for youths who came to town for tea in midnight
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..