പോസ്റ്റൽ ബാലറ്റ് ബോക്സ് (പ്രതീകാത്മക ചിത്രം)|ഫോട്ടോ:മാതൃഭൂമി
മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന തപാല്‍ വോട്ടുകള്‍ കാണാതായി. അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയ സാധുവായ തപാല്‍ വോട്ടുകളാണ് കാണാതായത്. മലപ്പുറം ജില്ലാ സബ് കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമറിയിച്ചത്. ഇത് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കിട്ടിയപ്പോള്‍ സീലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തേ പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടികളിലൊന്ന് കാണാതാവുകയും വൈകാതെ മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പെട്ടി തുറന്നു പരിശോധിച്ചപ്പോള്‍ അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയിരുന്ന സാധുവായ വോട്ടുകള്‍ കാണാതായെന്ന വിശദീകരണമാണ് ഇപ്പോള്‍ സബ് കലക്ടര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം തപാല്‍ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റര്‍ കൃത്യമായി ലഭിച്ചിട്ടുണ്ട് എന്ന കാര്യവും ഈ റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്.
രണ്ടു പെട്ടികള്‍ മാത്രമാണ് ട്രഷറിയില്‍ ഉണ്ടായിരുന്നത്. ഇത് വലിയ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കാണാതായ വോട്ടുപ്പെട്ടി മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഇത് എങ്ങനെ ഇവിടെ എത്തിയെന്നതില്‍ വ്യക്തതയില്ല. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഉണ്ടായതെന്നാണ് കരുതുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം.മുസ്തഫ പ്രതികരിച്ചു. 'പ്രത്യേക കരുതല്‍ വേണമെന്ന് കോടതിയുടെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. മൂന്ന് പെട്ടികളില്‍ ഒന്ന് മാത്രം എങ്ങനെ മാറ്റി എന്നതില്‍ സംശയമുണ്ട്. അട്ടിമറി അടക്കം നടന്നോയെന്ന് അന്വേഷിക്കട്ടെ' മുസ്തഫ പറഞ്ഞു. മുസ്തഫയുടെ ഹര്‍ജി പ്രകാരമാണ് വോട്ടുപെട്ടികള്‍ ഹൈക്കോടതിയുടെസംരക്ഷണത്തിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്.
2021 ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ആകെ 1,65,616പേര് വോട്ടുചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 76,530 വോട്ടും കെ പി എം മുസ്തഫ 76,492 വോട്ടും നേടി. 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. ക്രമനമ്പര്‍ ഇല്ലാത്തതും പോളിങ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകള്‍ വരണാധികാരിയായ പെരിന്തല്‍മണ്ണ മുന്‍ സബ് കലക്ടര്‍ അസാധുവാക്കി.
Content Highlights: perinthalmanna election dispute-vote box missing, found elsewhere
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..