121-ാം നമ്പര്‍ 21-ാം നമ്പറായി; മാറിയത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അതീവശ്രദ്ധയോടെ സൂക്ഷിക്കേണ്ട പെട്ടി


വിനോയ് മാത്യു

പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമില്‍നിന്നാണ് ബാലറ്റ് അടങ്ങിയ പെട്ടി കാണാതായത്. പിന്നീടിത് മലപ്പുറം സിവില്‍ സ്റ്റേഷനിലെ സഹകരണ ജോയന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പെട്ടി ഹൈക്കോടതിയില്‍ ഹാജരാക്കി.

പ്രതീകാത്മകചിത്രം | PTI

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെട്ടിക്ക് സബ് ട്രഷറി അധികൃതര്‍ നല്‍കിയ കോഡ് നമ്പര്‍ 21. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സാമഗ്രികള്‍ സൂക്ഷിച്ച പെട്ടിക്ക് നല്‍കിയ നമ്പര്‍ 121. ഇത് കൊടുക്കേണ്ടതിനു പകരം 21-ാം നമ്പര്‍ പെട്ടി നല്‍കിയതാണ് 'പെട്ടിവിവാദ'ത്തിന് പിന്നിലെന്നാണ് നിഗമനം. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഈ മാറിപ്പോകല്‍ മനസ്സിലാക്കിയത്.

സ്ട്രോങ്റൂമില്‍ സൂക്ഷിക്കാന്‍ കൊണ്ടുവരുന്ന സാമഗ്രികള്‍ ഓരോന്നിനും കോഡ് നമ്പര്‍ ഇട്ടാണ് ട്രഷറി ഓഫീസര്‍ സൂക്ഷിക്കുക. സാമഗ്രി കൊണ്ടുവരുന്ന ആളിന് ഈ നമ്പര്‍ ചേര്‍ത്തുള്ള രസീത് നല്‍കും. പിന്നീടിത് തിരിച്ചെടുക്കണമെങ്കില്‍ ഈ രസീത് കൊണ്ടുവരണം. എഴുപതോളം ഇനങ്ങളാണ് സബ് ട്രഷറി സട്രോങ് റൂമില്‍ സൂക്ഷിച്ചത്. ഇതില്‍ നാല്‍പ്പതോളം എണ്ണം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്.

2020 അവസാനം നടന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ സാമഗ്രികള്‍ നശിപ്പിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റെടുത്ത് നശിപ്പിക്കാന്‍ റിട്ടേണിങ് ഓഫീസറായ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എസ്. പ്രബിത് തന്റെ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി.എന്‍. പ്രതീഷിനെ നിയോഗിച്ചു. 2022 ഫെബ്രവരി 10-ന് പ്രതീഷ് സബ് ട്രഷറിയിലെത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ രേഖകള്‍ മൂന്നു പെട്ടികളിലായിരുന്നു. മറ്റ് രണ്ടുപെട്ടികളും നമ്പര്‍ മാറിപ്പോകാതെ കിട്ടിയെങ്കിലും ഒന്നുമാറി. ഇതാകട്ടെ ഹൈക്കോടതി അതീവ ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ച, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെട്ടിയും.

ഇതിലെ സാമഗ്രികള്‍ സാധാരണ കത്തിച്ചുകളയുകയാണ് ചെയ്യുക. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാമഗ്രികള്‍ തത്കാലം സൂക്ഷിക്കാന്‍ കളക്ടര്‍ ഉത്തരവിറക്കിയതുകൊണ്ടാണ് കത്തിക്കാതിരുന്നത്. സിവില്‍സ്റ്റേഷന്‍ വളപ്പില്‍ കത്തിക്കരുതെന്ന ശുചിത്വമിഷന്റെ ഉത്തരവും തടസ്സമായി. അതുകൊണ്ടാണ് പെട്ടിയില്‍ സാമഗ്രികള്‍ തിരിച്ചെടുക്കാനെങ്കിലും കഴിഞ്ഞത്.

ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്നു റിപ്പോര്‍ട്ട്

മലപ്പുറം: ബാലറ്റ് അടങ്ങുന്ന പെട്ടി മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് അബദ്ധം പറ്റിയാതാകാന്‍ സാധ്യതയുണ്ടെങ്കിലും സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്.

ട്രഷറി ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ്. രാജീവ് എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് തൃശ്ശൂര്‍ മധ്യമേഖലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ പി. സുരേഷ് സംസ്ഥാന ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ബുധനാഴ്ച ധനമന്ത്രി റിപ്പോര്‍ട്ട് കണ്ടശേഷം നടപടി തീരുമാനിക്കും. സംഭവത്തില്‍ നാലുപേര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കളക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

പെട്ടി ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കും

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തപാല്‍ ബാലറ്റ് അടക്കമുള്ള രേഖകളടങ്ങിയ പെട്ടി ട്രഷറിയില്‍നിന്ന് കാണാതായ സംഭവം അതിഗൗരവകരമെന്ന് ഹൈക്കോടതി.

നജീബ് കാന്തപുരം എം.എല്‍.എ.യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ.പി.എം. മുസ്തഫ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ പ്രതികരണം.

ബാലറ്റ് അടങ്ങിയ പെട്ടി കാണാതാകാനിടയായ സാഹചര്യം വിശദീകരിച്ച് സബ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇരുഭാഗത്തിനും കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെയും സബ് കളക്ടറെയും കക്ഷിചേര്‍ക്കാനും നിര്‍ദേശിച്ചു.

പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമില്‍നിന്നാണ് ബാലറ്റ് അടങ്ങിയ പെട്ടി കാണാതായത്. പിന്നീടിത് മലപ്പുറം സിവില്‍ സ്റ്റേഷനിലെ സഹകരണ ജോയന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പെട്ടി ഹൈക്കോടതിയില്‍ ഹാജരാക്കി.

38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം വിജയിച്ചത്. ഈ സാഹചര്യത്തില്‍ പെട്ടി കാണാതായ സംഭവം ഗൗരവകരമാണെന്ന് നജീബിന്റെ അഭിഭാഷകന്‍ വാദിച്ചു.

കോടതിയുടെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു.

പെട്ടിയടക്കമുള്ളവയെക്കുറിച്ച് രജിസ്ട്രാറോട് ചോദിച്ചറിഞ്ഞ കോടതി ഇവ ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ച് താക്കോല്‍ ഹൈക്കോടതിയില്‍ സൂക്ഷിക്കാം എന്ന നിര്‍ദേശം കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയില്‍തന്നെ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത്.

അന്വേഷണമടക്കമുള്ള ആവശ്യത്തില്‍ ഇരുപക്ഷത്തെയും കേട്ട് തീരുമാനമെടുക്കാം എന്നും വ്യക്തമാക്കി.

സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ മറുപടിക്ക് ഹര്‍ജിക്കാര്‍ അടക്കമുള്ളവര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി 31-ന് പരിഗണിക്കാന്‍ മാറ്റി.

നേരത്തേ തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട് നജീബ് നല്‍കിയ തടസ്സഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

340 തപാല്‍വോട്ടുകള്‍ സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണാതിരുന്നതില്‍ വിശദപരിശോധന ആവശ്യമാണെന്ന് വിലയിരുത്തിയായിരുന്നു തള്ളിയത്. അതിനിടയിലാണ് പെട്ടി കാണാതാകുന്നതും മറ്റൊരിടത്തുള്ള ഓഫീസില്‍നിന്ന് കണ്ടെത്തുന്നതും.

Content Highlights: Perinthalmanna ballot box strong room


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented