പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ ബിയര്‍ കയറ്റി വന്ന ലോറി ചുരത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. തലശ്ശേരി - ബാവലി അന്ത:സംസ്ഥാന പാതയില്‍ ഇരുപത്തി നാലാം മൈലിന് സമീപം സെമിനാരിവില്ലക്കടുത്താണ് അപകടം.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ബിയറുമായി വന്ന ലോറി ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ രങ്കപ്പ, ക്ലീനര്‍ നാരായണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിയുടെ ക്യാബിനില്‍ തീ പടര്‍ന്നെങ്കിലും അഗ്നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി.
ലോറിയില്‍ നിന്നും റോഡരികിലേക്ക് വീണ ബിയര്‍ കുപ്പികള്‍ കുറെ പൊട്ടി നശിച്ചു. 25000 കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്.പൊട്ടാത്ത കുപ്പികള്‍ അപകടം അറിഞ്ഞെത്തിയവര്‍ കൊണ്ടുപോയി. കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലേക്ക് ബിയറുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഒരു വര്‍ഷം മുമ്പും ഇതിന് സമീപത്ത് ബിയര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..