കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു (ഫോട്ടോ: പി.ടി.ഐ.), പ്രതീകാത്മകചിത്രങ്ങൾ (മാതൃഭൂമി ലൈബ്രറി)
ഇടതു സര്‍ക്കാരിന്റെ 'മാജിക് ബജറ്റ്' വന്നപ്പോള്‍ പ്രതിസന്ധിയിലായത് സാധരണക്കാരാണ്. അവരുടെ ജീവിതത്തിന്റെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച ബജറ്റ്. ബജറ്റിനെ കുറിച്ച് ചോദിച്ചാല്‍ എല്ലാവര്‍ക്കും പറയാന്‍ ഉള്ളത് ഒന്നാണ്- 'സാധാരണക്കാര്‍ ജീവിക്കാന്‍ എന്ത് ചെയ്യണമെന്ന് കൂടി സര്‍ക്കാര്‍ ഒന്ന് പറഞ്ഞുതരണം...'
ഒരു തരത്തിലും ജീവിക്കാന്‍ പറ്റില്ലെന്നതാണ് ഇപ്പോളത്തെ അവസ്ഥ
എല്ലാത്തിനും വില കൂടും. സര്‍ക്കാര്‍ ആണെങ്കില്‍ നിരന്തരം പുതിയ പോര്‍ട്ടര്‍മാര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിനാല്‍ ഞങ്ങളുടെ വരുമാനം ഇനിയും കുറയും. പട്ടിണി കിടക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങളിനി എന്ത് ചെയ്യും സര്‍ക്കാരെ എന്ന് ചോദിക്കുകയാണ് പോര്‍ട്ടര്‍മാര്‍. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി കുറേ കാര്യങ്ങള്‍ പറഞ്ഞ് ഒരു പട്ടികയിറക്കി, അതില്‍ ഒന്നു പോലും നടന്നില്ല. അതിനൊപ്പം കഞ്ഞികുടി മുട്ടിക്കാന്‍ പാകത്തിന് ഒരു ബജറ്റ് കൂടി. കടുത്ത പ്രതിസന്ധിയാലാണ് ചുമട്ട് തൊഴിലാളികള്‍.
രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവിടെ ഇരുന്നാലാണ് ഒന്നോ രണ്ടോ പണി കിട്ടുക, അഞ്ഞൂറ് രൂപയാണ് ഒരു ദിവസത്തെ വരുമാനം,
വരുമാനത്തില്‍ കുടുംബം പോറ്റുന്നത് തന്നെ ഏറെ പ്രയാസപ്പെട്ടാണ്, ഈ ബജറ്റ് കൊണ്ട് വീണ്ടും വിലക്കയറ്റം ഉണ്ടാവുമ്പോള്‍ ഞങ്ങളെപ്പോലെ ഉള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിക്കുകയാണ് കോഴിക്കോട്ട് പോര്‍ട്ടറായ അബ്ദുള്‍ കരീം.
ദിവസം ഒന്നോ രണ്ടോ ചായ, ഉച്ചയ്ക്ക് ഒരു ചോറ് ഇത്രയും കഴിച്ചാല്‍ തന്നെ ഇപ്പോള്‍ ഒരു ദിവസം നൂറ് രൂപ തീരും. ഇതിനൊക്കെ ഇനിയും വില കൂടും എന്ന് ഉറപ്പാണ്, നിത്യോപയോഗ സാധനങ്ങളുടെ വില ഇപ്പോഴേ കൂടുതല്‍. ഇനിയും കൂടും. മരുന്നുവിലയും കൂടും. ആകെ കൂടാത്തത് ഞങ്ങളുടെ വരുമാനം മാത്രമാണ്. കൂലിയും ഇല്ല. ഒരുകാലത്ത് ഈ പണി നിര്‍ത്തുമ്പോള്‍ കിട്ടാന്‍ പെന്‍ഷനുമില്ല, ടി.ബി.എഫിന്റെ പലിശയില്ലെങ്കിലും സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാമായിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സ്ഥിരമായി ബോര്‍ഡില്‍ നമ്മള്‍ പണം അടയ്ക്കും. പക്ഷെ പിരിയുന്നതിന്റെ തൊട്ടുമുമ്പത്തെ രണ്ട് മാസം, രണ്ട് ശതമാനം പലിശ മാത്രമാണ് ഞങ്ങള്‍ അടയ്ക്കുന്ന തുകയ്ക്ക് കിട്ടുക. ഇതുകൊണ്ട് എന്താവാനാ? ഒരു തരത്തിലും ജീവിക്കാന്‍ പറ്റില്ലെന്നതാണ് ഇപ്പോളത്തെ അവസ്ഥയെന്നും പോര്‍ട്ടറായ അബ്ദുള്‍ കരീം കൂട്ടിച്ചേര്‍ക്കുന്നു.
ഇപ്പോള്‍ 50 രൂപയ്ക്ക് ഊണ്‍ കൊടുക്കുന്നത് പോലും ലാഭം ഉണ്ടായിട്ടില്ല, കട പൂട്ടി വീട്ടിലിരിക്കാന്‍ നിവൃത്തിയില്ലാഞ്ഞിട്ടാണ്

മാര്‍ക്കറ്റില്‍ ഒരോ ദിവസവും ഓരോ സാധനങ്ങള്‍ക്കും ഓരോ വിലയാണ്. അതിനനുസരിച്ച് ഭക്ഷണത്തിന്റെ വില കൂട്ടാനാവില്ല. 40 രൂപയ്ക്ക് കൊടുത്തിരുന്ന ഊണ്‍ 50 രൂപയ്ക്ക് കൊടുത്തു തുടങ്ങിയത് ഈയടുത്താണ്. 50 ആക്കിയപ്പോള്‍ ഹോട്ടലുകാരന് എന്താ ലാഭം എന്ന് ചിന്തിക്കുന്നവരുണ്ടാവും. പക്ഷെ ഞങ്ങളെപ്പോലെ ചെറിയ രീതിയില്‍ ഹോട്ടല്‍ നടത്തുന്നവര്‍ ലാഭമുണ്ടാക്കാനല്ല വില കൂട്ടിയത്. കട പൂട്ടി വീട്ടിലിരിക്കാന്‍ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന് പറയുന്നു കോഴിക്കോട്ടെ ഹോട്ടലുടമയായ സാദിഖ്.
സബ്‌സിഡി ആനുകൂല്യം ഉളളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് ഊണ് വില്‍ക്കാന്‍ പറ്റും. ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് അത് പറ്റില്ല, പാചക വാതക വിലയും സാധനങ്ങളുടെ നിത്യേനയുള്ള വിലക്കയറ്റവും കാരണം പിടിച്ച് നില്‍ക്കാന്‍ വലിയ പാടുപെടുന്നവരാണ് ഞങ്ങള്‍. പുതിയ ബജറ്റിന്റെ സാഹചര്യത്തില്‍ ഇനിയും സാധനങ്ങള്‍ക്ക് വില കൂടും. സാധനങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് കടയില്‍ എത്തിക്കാനുള്ള ചെലവ് കൂടും. കറണ്ട് ബില്ല് അടയ്ക്കാന്‍ നീക്കി വെക്കേണ്ടി വരുന്ന തുകയ്ക്ക് പോലും എന്ത് ചെയ്യേണ്ടി വരുമെന്ന് അറിയില്ലെന്നാണ് ചെറുകിട ഹോട്ടല്‍ ബിസിനസ്സുകാര്‍ പറയുന്നത്.
പാലിനു വിലകൂട്ടിയെങ്കിലും ചായ വില്‍ക്കുന്നത് 10 രൂപയ്ക്കും 12 രൂപയ്ക്കും തന്നെയാണ്. കുറഞ്ഞകാലം കൊണ്ട് മൈദയ്ക്ക് നല്ല രീതിയില്‍ വില കൂടിയെങ്കിലും പൊറോട്ടയ്ക്ക് 12 രൂപയാക്കിയത് ഈ അടുത്താണ്. 1800 രൂപയ്ക്കാണ് ഗ്യാസ് വാങ്ങുന്നത്. പണിക്കാര്‍ക്ക് കൂലി കൊടുത്ത് കട അടയ്ക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും ബാക്കിയാവുന്നത് പലര്‍ക്കും കൊടുക്കാനുള്ള പൈസയുടെ കണക്ക് മാത്രമാണെന്നും ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. കെട്ടിട ഉടമകള്‍ പലപ്പോളായി വാടക കൂട്ടി. ഇനിയും കൂടാന്‍ പോവുന്നു. കൂലി, കടവാടക, കറണ്ട്
ഇതു മൂന്നും ഒപ്പിക്കാന്‍ പോലും കിട്ടുന്ന വരുമാനം പോരെന്നാണ് ഇവര്‍ പറയുന്നത്. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ച് നിന്നപ്പോള്‍ കൊണ്ടുവന്നത് വിലക്കയറ്റത്തിന്റെ ബജറ്റ് ആണെന്നും ഹോട്ടലുടമകള്‍ പറയുന്നു.
ബസ്സ് ജീവനക്കാരും മനുഷ്യരാണ് അവര്‍ക്കും ഉണ്ട് ചെലവുകള്‍, പക്ഷെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരു രൂപയെങ്കിലും ഞങ്ങളുടെ കയ്യില്‍ വേണ്ടേ?

കോവിഡിന് മുന്നേ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണ്. കോവിഡ് ലോക്ഡൗണിന് ശേഷം പ്രതിസന്ധിയുടെ നടുക്കടലിലാണ് സ്വകാര്യ ബസ് ഉടമകള്‍. ആശ്വാസമാകേണ്ട സര്‍ക്കാരില്‍നിന്ന് ബജറ്റിന്റെ രൂപത്തില്‍ കിട്ടിയത് കനത്ത തിരിച്ചടി. തകര്‍ന്ന് തരിപ്പണമായ ബസ് വ്യവസായത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് ഇന്ധന സെസ് എന്ന് പറയുകയാണ് കോഴിക്കോട്ടെ ബസ്സുടമയായ സുരേഷ് കുമാര്‍.
ബജറ്റില്‍ പറയുന്ന പ്രകാരം സെസ് വരുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന്റെ മുകളില്‍ രണ്ട് രൂപയുടെ വര്‍ധനവ് ആണ് ഉണ്ടാവുന്നത്. ഒരു സ്വകാര്യ ബസ്സിന് ട്രിപ്പ് നടത്താന്‍ ഒരു ദിവസം ശരാശരി 80 ലിറ്റര്‍ ഡീസല്‍ എങ്കിലും വേണം. 80 ലിറ്റര്‍ മുതല്‍ 120 ലിറ്റര്‍ വരെ ഡീസല്‍ അടിക്കുന്നവര്‍ ഉണ്ട്. 80 ലിറ്റര്‍ ഡീസല്‍ അടിച്ചാല്‍ തന്നെ 160 രൂപയുടെ വര്‍ധനവ് ഡീസലില്‍ മാത്രം വരും. നിലവിലെ സാഹചര്യത്തില്‍ ബസ്സുടമയ്ക്ക് ഇത് കടുത്ത ബാധ്യതയാണ് ഉണ്ടാക്കുന്നത്. കര്‍ണാടകയില്‍ ഡീസലിന് വില കുറച്ചത് കൊണ്ട് കര്‍ണാടകത്തില്‍ പോയി കെ.എസ്.ആര്‍.ടി.സി. ഡീസല്‍ അടിക്കുന്നുണ്ട്, നമ്മുടെ തൊട്ടടുത്ത് മാഹിയില്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡീസലിന് ഒരു ലിറ്ററില്‍ 13 രൂപയുടെ വ്യത്യാസം വരും. ഇതെല്ലാം അറിയുന്ന സര്‍ക്കാര്‍ സ്വകാര്യബസ് വ്യവസായത്തെ തുടച്ച് നീക്കുന്ന ഒരു നടപടിയാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്, സുരേഷ് ബാബു പറയുന്നു.
ഡീസലിന് വില കൂടുമ്പോള്‍ സ്വാഭാവികമായും ടയര്‍, റബ്ബര്‍, ഓയില്‍, ഗ്രീസ്, അങ്ങനെ സ്വകാര്യ ബസ്സിന് ആവശ്യമായ എല്ലാ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും വില കൂടും. ജി.എസ്.ടി. വന്നപ്പോള്‍ തന്നെ 25 ശതമാനത്തില്‍ അധികം സ്‌പെയര്‍ പാര്‍ട്‌സ് ഉത്പന്നങ്ങള്‍ക്ക് വില കൂടി. നമ്മുടെ സംസ്ഥാനത്ത് 2015-ല്‍ 20000-ത്തില്‍ അധികം സ്വകാര്യബസ്സുകള്‍ ഉണ്ടായിരുന്നു. 2022 ആവുമ്പോഴേക്കും അത് 7000-ത്തിലേക്ക് ചുരുങ്ങി. ഇങ്ങനെ പോയാല്‍ ബാക്കിയുള്ളവര്‍ കൂടി ഈ രംഗത്തുനിന്ന് പിന്‍മാറേണ്ടി വരും. വിദ്യാര്‍ഥികളുടെ കണ്‍സഷനെ കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ വെച്ചിട്ട് ആറ് മാസം കഴിഞ്ഞു. അതിലും നീക്കുപോക്ക് ഇല്ല, ബസിന്റെ സ്പയെര്‍ പാര്‍ട്‌സിന് മാത്രമല്ല ഒരു മനുഷ്യന് വേണ്ട എല്ലാ സാധനങ്ങള്‍ക്കും വില കൂടും. ഈ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന എത്രയോ തൊഴിലാളികള്‍ ഉണ്ട് അവര്‍ക്കും കുട്ടികളുണ്ട്, പ്രായമായ രക്ഷിതാക്കളുണ്ട് കുടുംബം പോറ്റാന്‍ അവര്‍ക്കും ഈ വരുമാനം പോരാതാവും. നിലവില്‍ 23 സീറ്റ് ഉള്ള ഒരു ബസ്സിലെ ഡ്രൈവര്‍ക്ക് 900 രൂപയും കണ്ടക്ടര്‍ക്ക് 800 രൂപയുമാണ് ദിവസക്കൂലി. ഇതില്‍ എന്തെങ്കിലും വര്‍ധിപ്പിക്കണമെങ്കിലും ഉടമകള്‍ക്ക് എന്തെങ്കിലും കിട്ടണ്ടേ എന്ന് ചോദിക്കുകയാണ് സുരേഷ് ബാബു.
Content Highlights: people reaction on kerala budget 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..