തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് 19 റെഡ് സോണുകളില്‍നിന്നു മാതൃസംസ്ഥാനത്തേക്ക് മടങ്ങിവരുന്ന മലയാളികള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈനില്‍ ഒരാഴ്ച കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തിയിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് വീടുകളില്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈനിലേക്ക് പോകാമെന്ന തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ മാതൃസംസ്ഥാനത്തേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. ഇതുവരെ 1,80540 പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 25,410 പേര്‍ക്ക് പാസ്സ് നല്‍കിയിട്ടുണ്ട്. അവരില്‍ 3363 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ രാജ്യത്ത് രോഗബാധ തീവ്രമായ ചില പ്രദേശങ്ങളുണ്ട് എന്നതാണ്. ചില വന്‍നഗരങ്ങളില്‍ രോഗികളുടെ എണ്ണവും രോഗവ്യാപനവും വര്‍ധിച്ചനിലയിലാണ്. അത്തരത്തില്‍ തീവ്രരോഗബാധയുള്ള പത്ത് ജില്ലകള്‍ കണക്കാക്കിയിട്ടുണ്ട്. അത്തരം ജില്ലകളില്‍നിന്നോ നഗരങ്ങളില്‍നിന്നോ വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. 

അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ അതിര്‍ത്തിയില്‍ രോഗലക്ഷണം കാണിക്കുന്നില്ലെങ്കില്‍ നേരെ വീട്ടിലേക്ക് പോകാമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച നിര്‍ബന്ധമായും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയേണ്ടിവരും എന്നതാണ് പുതിയ തീരുമാനം. 

റെഡ് ഒഴിച്ച് മറ്റ് സോണുകളില്‍ നിന്നും വരുന്നവര്‍ക്ക് അതിര്‍ത്തിയിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീട്ടില്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈനിലേക്ക് പോകാവുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. കേരളത്തില്‍നിന്നും ഏറ്റവും അകലെ കഴിയുന്ന വിദ്യാര്‍ത്ഥികളെ ഡെല്‍ഹി കേന്ദ്രമാക്കി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 

മറ്റൊരു പ്രധാനപ്പെട്ട കാര്യം പാസ്സ് സംബന്ധിച്ചുള്ളതാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അതിര്‍ത്തിയിലെത്തുന്നവര്‍ അവിടെ കുടുങ്ങിക്കിടക്കാന്‍ പാടില്ല. ചിലര്‍ വരുന്ന സ്ഥലങ്ങളില്‍ നിന്നുള്ള പാസ്സ് വാങ്ങുകയും നാട്ടില്‍ പോകേണ്ടയിടത്തേക്കുള്ള പാസ്സ് ഇല്ലാതെ വരികയും ചെയ്യുന്നുണ്ട്. രണ്ടിടങ്ങളിലും നിന്നുള്ള പാസ്സുകള്‍ പ്രധാനമാണ്. 

എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നുള്ള പാസ്സും എവിടെയാണോ എത്തേണ്ടത് അവിടുത്തെ പാസ്സും പ്രധാനമാണ്. നാട്ടിലേക്ക് എത്തുന്നവര്‍ക്ക് നേരത്തേ തന്നെ സമയം നിശ്ചയിച്ച് കൊടുക്കുന്നുണ്ട്. അതനുസരിച്ച് അതിര്‍ത്തിയില്‍ എത്തുന്നവര്‍ പെട്ടെന്ന് തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്ര തുടരേണ്ടതാണ്. 

അതിര്‍ത്തികളില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ പാടുള്ളൂ. നാട്ടിലേക്ക് എത്തുന്നവര്‍ക്ക് അതിര്‍ത്തികളില്‍ സ്വീകരണപരിപാടികളൊന്നും ഒരുക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള ചില പ്രവര്‍ത്തികള്‍ ഇന്ന് പല ചെക്ക് പോസ്റ്റുകളിലും കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഊന്നി പറയുന്നത്. 

അന്തര്‍സംസ്ഥാന യാത്രയ്ക്ക് വാഹനം ലഭിക്കുന്നതിനുള്ള പ്രയാസം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പാസ്സ് ആണ് നിര്‍ബന്ധമായും വേണ്ടത്. എന്നാല്‍ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും ഇടയില്‍ കടന്നു പോകേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ കൂടി പാസ്സ് കൈയ്യില്‍ കരുതുക എന്നത് അപ്രായോഗികമാണ്. 

ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. എവിടെ നിന്നാണോ പുറപ്പെടുന്നത്, എവിടെയാണോ എത്തേണ്ടത് ആ രണ്ട് സംസ്ഥാനങ്ങളും പാസ്സ് നല്‍കുക. സഞ്ചരിക്കേണ്ട റൂട്ട് ആവശ്യമാണെങ്കില്‍ അതില്‍ കാണിക്കാം. ഏതായാലും ഇടയ്ക്കുള്ള സംസ്ഥാനങ്ങള്‍ ഈ രണ്ട് പാസ്സുകളും ഉണ്ടായാല്‍ യാത്ര തുടരാന്‍ അനുവദിക്കുന്ന നില ഉണ്ടാകണം. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍ | Read More..

കേരളത്തില്‍ എത്തിക്കുക വളരെ കുറച്ചു മലയാളികളെ; ആദ്യഘട്ടത്തില്‍ 2250 പേര്‍മാത്രം- മുഖ്യമന്ത്രി  | Read More..

സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി  | Read More..

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല; അമിത വില ഈടാക്കിയാല്‍ നടപടി- മുഖ്യമന്ത്രി | Read More..

കേന്ദ്രം കണ്ണൂരിനെ ഒഴിവാക്കി; കണ്ണൂരില്‍ ഇറങ്ങാന്‍ 69,179 പ്രവാസികള്‍: മുഖ്യമന്ത്രി | Read More..

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും | Read More..

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍നിന്നു വരുന്നവര്‍ ഒരാഴ്ച്ച സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം | Read More..

കോണ്‍ഗ്രസുകാരുടെ പണം കയ്യിലിരിക്കട്ടെ; സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങില്ല- മുഖ്യമന്ത്രി  | Read More..

 

content highlight: people coming from red zones must stay in govenment's quarantine system says kerala cm