ഡോ. നിതിൻ നാരായണൻ, സാമൂഹികമാധ്യമങ്ങളിൽ വൈറലായ ഡോക്ടറുടെ മരുന്നുകുറിപ്പടി| Photo: Special arrangement
നെന്മാറ: ഡോക്ടര്‍മാരുടെ ആര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള മരുന്നുകുറിപ്പടികള്‍ പുതുമയുള്ള കാര്യമേയല്ല. എന്നാല്‍ അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങുന്ന കൊച്ചുകുട്ടികള്‍ക്കുപോലും വായിച്ചെടുക്കാന്‍ കഴിയുന്നവിധത്തില്‍ മരുന്നുകുറിച്ചുകൊടുത്തു വ്യത്യസ്തനാവുകയാണ് ഒരു ഡോക്ടര്‍. പാലക്കാട് നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ശിശു രോഗവിദഗ്ധനായ ഡോ: നിതിന്‍ നാരായണന്റെതാണ് വ്യക്തവും ഭംഗിയേറിയതുമായ ഈ മരുന്നുകുറിപ്പടി.
നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സേവനത്തിന് എത്തിയതുമുതല്‍ നിതിന്‍, രോഗികളെ പരിശോധിച്ചതിനുശേഷം മരുന്നുകള്‍ കുറിച്ചു നല്‍കുന്നത് ഇംഗ്ലീഷിലെ വലിയ അക്ഷരത്തില്‍ മാത്രമാണ്. തൃശൂര്‍ ഇരിഞ്ഞാലക്കുട പടിയൂര്‍ സ്വദേശിയായ ഡോക്ടര്‍ മൂന്നു വര്‍ഷം മുന്‍പാണ് ഇവിടെ എത്തുന്നത്. കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടറുടെ മരുന്നു കുറിപ്പ്, കുട്ടികള്‍ക്കുപോലും വായിച്ചെടുക്കാന്‍ കഴിഞ്ഞതോടെ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ നിതിന്‍, പോണ്ടിച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍നിന്നാണ് ശിശുരോഗത്തില്‍ എം.ഡി. നേടിയത്.
പകര്‍ത്തുബുക്കില്‍ എഴുതി ശീലമുള്ളതിനാല്‍ നന്നായി എഴുതാന്‍ സാധിക്കുന്നുവെന്ന് നിതിന്‍ പറഞ്ഞു. പഠനശേഷവും ഭംഗിയുള്ള കയ്യക്ഷരം നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ മനസ്സിലാകാത്ത ഭാഷയില്‍ എഴുതുന്നുവെന്ന് പറയാനാകില്ലെന്നും ഈ മേഖലയിലും തലമുറമാറ്റം ഉണ്ടായിട്ടുണ്ടെന്നും നിതിന്‍ അഭിപ്രായപ്പെട്ടു.
Content Highlights: pediatrician nithin narayanan medicine prescription becomes viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..