പാലക്കാട്: ബി.ജെ.പി.-സി.പി.എം ഏറ്റുമുട്ടലിനെത്തുടര്‍ന്ന്  സംഘര്‍ഷാവസ്ഥ    നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ന് പാലക്കാട് സര്‍വകക്ഷി സമാധാനയോഗം നടക്കും. വൈകിട്ട് നാലിന് കളക്ട്രേറ്റിലാണ് യോഗം നടക്കുന്നത്.

 

ഞായറാഴ്ച രാത്രിയാണ് സംഘട്ടനമുണ്ടായത്. മേഖലയില്‍ പോലീസ് ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ് നിയമം 78, 79 വകുപ്പുകള്‍ പ്രകാരമാണ് നടപടി. സംഘം ചേരല്‍, ജാഥ, പ്രകടനം, പൊതുയോഗം, ആയുധം കൈവശം വെക്കല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പെരുമാറ്റവും സംസാരവും തുടങ്ങിയവയ്ക്കാണ് നിരോധനം.

 

തിങ്കളാഴ്ച രാവിലെയാണ് ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സംഘര്‍ഷബാധിത മേഖലയില്‍ ജില്ലാ പോലീസ് മേധാവി തിങ്കളാഴ്ചരാവിലെ സന്ദര്‍ശനം നടത്തി. വൈകീട്ട് ഉത്തരമേഖലാ എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡിയും കഞ്ചിക്കോട്ടെ പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഞ്ചിക്കോട്ട് 200-ല്‍പ്പരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

 

പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുംമുമ്പേ സി.പി.എം. കഞ്ചിക്കോട് കിഴക്കേമുറിയില്‍ രാജന്‍ രക്തസാക്ഷിദിനാചരണം നടത്തി. ഇതിനായി ഞായറാഴ്ചരാത്രി വിവിധയിടങ്ങളില്‍ സി.പി.എം. കൊടി കെട്ടുന്നതിനിടെയാണ് സത്രപ്പടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് അക്രമം വ്യാപിക്കുകയായിരുന്നു. മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്കും അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമാണ് വെട്ടേറ്റത്.