പി.സി. വിഷ്ണുനാഥ് എം.എൽ.എ| Photo: Mathrubhumi, sabha tv
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മയും പിന്‍വാതില്‍ നിയമനങ്ങളെയും ശക്തമായി വിമര്‍ശിച്ച് കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥ്. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അധനികൃത നിയമനം നടക്കുന്നുവെന്നത് സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനുള്ള മറുപടിയാണ് പി.സി വിഷ്ണുനാഥ് നല്‍കിയത്.. പട്ടിപിടുത്തക്കാര് മുതല്‍ വൈസ് ചാന്‍സലര്‍ക്ക് വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറി വഴി നിയമനം ലഭിക്കുന്ന അവസ്ഥയാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് പി.സി വിഷ്ണുനാഥ് പരിഹസിച്ചു. പി.എസ്.സി വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമനങ്ങളാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 30 ലക്ഷം യുവാക്കളാണ് തൊഴിലിന് വേണ്ടി കാത്തിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ തൊഴിലില്ലായ്മ നിരക്ക് കേരളത്തില്‍ അധികമാണ്. ഈ അവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ മുന്‍പൊന്നും ഇല്ലാത്ത വിധം മെച്ചപ്പെട്ട ജിവത സാഹചര്യങ്ങള്‍ തേടി യൂറോപ്പ്യന്‍ രാജ്യങ്ങളിലോക്ക് കുടിയേറുകയാണ്. മയക്കുമരുന്നിന്റെ ഉപയോഗത്തിലുണ്ടാകുന്ന വര്‍ധനയ്ക്കും തൊഴിലില്ലായ്മ ഒരു കാരണമാവുകയാണ്. അദ്ദേഹം വ്യക്തമാക്കി.
2021 പ്രകടനപത്രികയനുസരിച്ച് യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ മന്ത്രിയോട് 2016-ലെ പ്രകടനപത്രികയനുസരിച്ച് എത്ര പേര്‍ക്കാണ് തൊഴില്‍ നല്കാന് സാധിച്ചതെന്നതില്‍ കൃത്യമായ മറുപടിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ 6200 നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടക്കുമ്പോള്‍ 1,90,000 പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് തടന്നതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥയില്‍ സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രസക്തി എന്താണെന്നും എം.എല്‍.എ ചോദിച്ചു. കരാര്‍, താത്ക്കാലിക ജീവനക്കാരുടെ സംഖ്യ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ ഒരു ലക്ഷത്തിലും അധികമാണ്. സംസ്ഥാനത്ത് 30 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴിലില്ലായ്മ നേരിടുമ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് പാര്‍ട്ടി നിയമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വ്യാപകമായി പിന്‍വാതില്‍ നിയമനം നടക്കുന്നു. സംവരണതത്വങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് പാര്‍ട്ടി ഇത്തരം നിയമനങ്ങള്‍ നടത്തുന്നതെന്നും പി.സി വിഷ്ണുനാഥ് ആരോപിച്ചു. സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതാണ്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ 3000-ത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നിട്ടുള്ളത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമുപയോഗിച്ച് സംരക്ഷിക്കുന്ന നിലയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോഗ്യരെ താക്കോല്‍ സ്ഥാനങ്ങളിലെത്തിച്ച് അതുവഴി വീണ്ടും അയോഗ്യരെ കയറ്റാനുള്ള ശ്രമമാണിതെന്നും പി.സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും പി.സി ഉന്നയിച്ചു. മന്ത്രി അത് വ്യാജകത്താണെന്നാണ് പറയുന്നത്. എന്നാല്‍ മേയറോ പോലീസോ കത്തിനെ സംബന്ധിച്ച് വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. 30 ദിവസമായി യു.ഡി.എഫും, യൂത്ത് കോണ്‍ഗ്രസും നഗരസഭയില്‍ സമരത്തിലാണ്. ഡി.വൈ.എഫ്.ഐ നേതാക്കളും മേയര്‍ ആര്യാ രാജേന്ദ്രനും വേര് ഈസ് മൈ ജോബ് എന്ന് പറഞ്ഞ് ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നും പി.സി വിഷ്ണുനാഥ് പരിഹസിച്ചു. വ്യാജമോ അല്ലയോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ എസ്.എ.ടി ആശുപത്രിയിലെ പിന്‍വാതില്‍ നിയമനത്തില്‍ പുറത്തു വന്ന കത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്. കത്ത് എഴുതിയത് താനാണെന്ന് ഡി.ആര് അനില്‍ വ്യക്തമാക്കിയതല്ലേയെന്നും പി.സി വിഷ്ണുനാഥ് ചോദിച്ചു. പാര്‍ട്ടി നിയമനങ്ങള്‍ക്ക് പുറമേ ആശുപത്രിയിലെ ലേ സെക്രട്ടറി മൃദുല കുമാരി ഏഴു പേരെ അനധികൃതമായി നിയമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥരുടെ പക തീര്‍ക്കലിന് ഇരയായി സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട ചവറസ്വദേശി നിഷയുടെ പ്രശ്നവും അദ്ദേഹം സഭയില്‍ ഉന്നയിച്ചു.
Content Highlights: pc vishnunath talks at kerala assembly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..