തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പി.സി.വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഭരണമുന്നണി സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്. മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക ഇന്ന് ഉച്ചവരെ നല്‍കാം. കുണ്ടറ എംഎല്‍എയാണ് വിഷ്ണുനാഥ്‌.

15-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തുവരികയാണ്. നാളെയും സഭയുണ്ട്.

26-നും 27-നും സഭ ചേരില്ല. 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങള്‍.