പി.സി ജോർജ് | ഫയൽ ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സാധാരണക്കാരിയാണ്. കഷ്ടപ്പെട്ട് ജീവിക്കുകയാണ്. പീഡനശ്രമം ഉണ്ടായശേഷവും അദ്ദേഹം ഫോണില്‍വിളിച്ചെന്ന് പി.സി.ജോര്‍ജിനെതിരെ പരാതി നല്കിയ സത്രീ. മേയ് അഞ്ചിന് ഈരാറ്റുപേട്ടയിലെ വീട്ടില്വരാന് പറഞ്ഞു. സിറ്റൗട്ടില്‍ മാത്രമാണുനിന്നത്.
പി.സി. ജോര്‍ജ് ശനിയാഴ്ച പോലീസിനു മുന്നിലുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല. കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത് -പരാതിക്കാരി പറഞ്ഞു.ഷോണിന്റെ പിതാവിനെ താന്‍ നല്ലരീതിയില്‍ കണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന് എന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് ഷോണിനോട് പറയാന്‍ കഴിയില്ല. ഞാനും സ്വപ്നയും വീട്ടില്‍ വരാറുണ്ടെന്ന് പി.സി. ജോര്‍ജിന്റെ ഭാര്യ ശരിവെക്കുന്നു. ഇതെല്ലാം ഗൂഢാലോചനയുടെ തെളിവാണെന്നും പരാതിക്കാരി വ്യക്തമാക്കി.
പിണറായിക്കുപിന്നില് ഫാരിസ് അബൂബക്കര്‍ -ജോര്‍ജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എസ്. ഇടപാടുകള്‍ക്കുപിന്നില്‍ വിവാദ റിയല്‍ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറാണെന്ന് പി.സി. ജോര്‍ജ്. ഫാരിസുമായി ചേര്‍ന്നുള്ള മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ശനിയാഴ്ച രാത്രി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം പി.സി. ജോര്‍ജ് പറഞ്ഞു.
ഇക്കാര്യങ്ങള്‍ താന്‍ ശനിയാഴ്ച പറയാനിരുന്നതാണ്. ഇതു മനസ്സിലാക്കിയാണ് തന്നെ വ്യാജ പീഡനപരാതിയില്‍ അറസ്റ്റുചെയ്തത്. ഈ ആരോപണങ്ങള്‍ അന്വേഷണ ഏജന്‍സികളടക്കം എത്തേണ്ടിടത്തൊക്കെ എത്തിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിവഴി നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ഫാരിസ് അബൂബക്കര്‍ ഇപ്പോള്‍ അമേരിക്കയിലാണ്. മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള അമേരിക്കന്‍ യാത്രകളില്‍ ദുരൂഹതയുണ്ട്. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി നല്കിയപ്പോള് ഏറ്റവും കൂടുതല്‍ എതിര്‍ത്ത പിണറായി വിജയന് ഇപ്പോള്‍ വിമാനത്താവളം അവര്‍ക്ക് ലഭിക്കാന്‍ കൂട്ടുനിന്നു. ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നാണ് തന്റെ സംശയം.
കുടുബശ്രീവഴി കേരളത്തിലെ തൊഴിലില്ലാത്ത സ്ത്രീകളുടെ ഡേറ്റ ശേഖരിച്ചിരുന്നു. ഇവ സുരക്ഷിതമല്ല. ഇതിനുപിന്നിലും ഡേറ്റാ കച്ചവടമുണ്ടെന്നാണ് തന്റെ സംശയം. തന്റെ അറസ്റ്റിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. അഴിമതി പുറത്തുകൊണ്ടുവരാനാണ് താന്‍ ഗൂഢാലോചന നടത്തുന്നത്.
പി.ജെ. ജോസഫ്, ടി.യു. കുരുവിള, ഗണേഷ്കുമാര് എന്നിവരെയൊക്കെ രാജിവെപ്പിക്കാന്‍ തന്റെ ഇടപെടലിലൂടെ കഴിഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം തുടരും. ഇതില്‍ വി.എസ്. അച്യുതാനന്ദനാണ് തന്റെ മാതൃക. തനിക്ക് ജാമ്യം ലഭിച്ചതിലൂടെ നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിച്ചുവെന്നും ജോര്‍ജ് പ്രതികരിച്ചു.
കാലത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്നിന്നു നന്ദാവനം പോലീസ് ക്യാമ്പിലേക്ക് അറസ്റ്റുചെയ്ത് കൊണ്ടുപോകവേ, പിണറായി വിജയന്റെ കാശുംവാങ്ങി ഇങ്ങനെ ചെയ്യുന്നതിന് ദൈവം പരാതിക്കാരി യോട് ക്ഷമിക്കട്ടെ എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം. ഒരുസ്ത്രീയെയും പീഡിപ്പിക്കില്ല. ആരോടും മോശമായി പെരുമാറില്ല. പി.സി. ജോര്‍ജ് മാന്യമായി പെരുമാറിയെന്ന് പരാതിക്കാരിതന്നെ മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അവര്‍ മാറ്റിപ്പറയുന്നെങ്കില്‍ പറയട്ടെയെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..