കൊച്ചി: ഒരു കൂട്ടിൽ രണ്ട് കോഴി വാഴില്ലെന്നും ശരി ജോസഫ് പക്ഷത്തോടൊപ്പമായതിനാലാണ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫ് പുറത്താക്കിയതെന്ന് പി സി ജോർജ് എം എൽ എ. യു ഡി എഫിന്റെ കെട്ടുറപ്പിന് തന്നെ പ്രശ്നമായി മാറുകയായിരുന്നു ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന വിഭാഗീയത. ഇരുവിഭാഗങ്ങളേയും ഇനിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതെന്നും പി സി ജോർജ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
ഒരു കൂട്ടിൽ രണ്ട് കോഴി വാഴില്ലെന്ന് പറയുന്നതാണ് ഇവിടേയും സംഭവിച്ചത്. രണ്ട് പൂവൻകോഴികളാണെങ്കിൽ പരസ്പരം കൊത്ത്കൂടി ഒന്ന് ചാകുമായിരുന്നു. ഇത് പിടക്കോഴികളാണ്. പരസ്പരം കൊത്ത് കൂടി നിൽക്കുകയേ ഉള്ളൂ. ചാവുകയില്ല. അപ്പോൾ പിന്നെ ഒന്നിനെ പുറത്താക്കുകയേ മാർഗമുള്ളൂ. ഇതാണ് ഇപ്പോൾ യു ഡി എഫിലും സംഭവിച്ചിരിക്കുന്നത്. ജോസ് വിഭാഗം വാക്ക് പാലിച്ചില്ല എന്നത് വസ്തുതയാണ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ കാലുവാരലുകൾ ഈ ഘട്ടത്തിൽ മറക്കാൻ സാധിക്കില്ല. കാലുമാറ്റത്തിന്റെ ചരിത്രമാണ് ആദ്യഘട്ടം മുതൽക്ക് ഉള്ളത്. അത് മറച്ചുവെച്ചിട്ട് കാര്യമില്ല.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അല്പം ശരി ജോസഫ് പക്ഷത്തോടാണെന്ന് കരുതുന്നതുകൊണ്ടാണ് ഇപ്പോൾ എടുത്തിരിക്കുന്ന ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണിയെ ആണ് യു ഡി എഫ് പുറത്താക്കിയതെന്ന് പറയുന്നത് ജോസ് കെ മാണിയുടെ വിവരക്കേടാണ്. കെ എം മാണിയുടെ മകനായി ജനിച്ചു എന്നതൊഴിച്ചാൽ കെ. എം മാണിയും ജോസ് കെ മാണിയും തമ്മിൽ രാഷ്ട്രീയമായി എന്ത് ബന്ധമാണ് ഉള്ളത്. കെ.എം മാണി മുഖ്യമന്ത്രിയാകുന്ന സാഹചര്യമുണ്ടായപ്പോൾ പാരവെച്ച സ്വന്തം മകനാണ് ജോസ് കെ മാണി. കെ.എം മാണി ദിവസം ഒരു ആറോ ഏഴോ തവണ വസ്ത്രം മാറും. അത് പോലെ തന്നെ ജോസും ചെയ്യാറുണ്ട്. കെ.എം മാണിയും ജോസ് കെ. മാണിയും തമ്മിലുള്ള ഏക യോജിപ്പ് ഞാൻ കണ്ടിട്ടുള്ളത് ഈ ഒരു കാര്യത്തിൽ മാത്രമാണെന്നും പി സി ജോർജ് പറഞ്ഞു.
Content Highlights: PC George response on jose k mani group expulsion from UDF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..