ജയിൽ മോചിതനായ പി.സി ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി. ജോര്‍ജ് ജയില്‍മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പൂജപ്പുര ജയിലില്‍നിന്ന് പി.സി ജോര്‍ജിനെ മോചിപ്പിച്ചത്. ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് സ്ഥലത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
കോടതിയോട് നന്ദിയുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് താന്‍ ജയിലില്‍ പോയതെന്നും ജാമ്യം അനുവദിച്ച ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തൃക്കാക്കരയില്‍ വെച്ചാണ് പിണറായി തന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിന് തൃക്കാക്കരയില്‍ വെച്ച് താന്‍ മറ്റന്നാള്‍ മറുപടി പറയുമെന്നും ജോര്‍ജ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതിയുടെ വിധി മാനിച്ചുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉള്‍പ്പെടയുള്ളവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയത്. ഇതിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റം നടത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വിദ്വേഷ പ്രസംഗത്തില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പി.സി ജോര്‍ജിന് ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..