തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശം പിന്‍വലിക്കുന്നതായി പി.സി. ജോര്‍ജ് എം.എല്‍.എ. ആരേയും പേടിച്ചിട്ടല്ല തന്റെ തീരുമാനമെന്നും മറ്റു പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഏത് സ്ത്രീയെക്കുറിച്ചും ആ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ബഹളത്തിനിടയില്‍ പറഞ്ഞു പോയതാണ്. അതില്‍ ദുഃഖമുണ്ട്. മറ്റെല്ലാ പരാമര്‍ശങ്ങളിലും ഉറച്ചുനില്‍ക്കുന്നു. തന്റെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, പി.സി.ജോര്‍ജിന്റെ വാക്കുകള്‍ അങ്ങേയറ്റം അപമാനകരം ആയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ പി.സി ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എം.എല്‍.എയെ വിളിച്ചുവരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തയയ്ക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചിരുന്നു.