അറസ്റ്റ്ചെയ്ത പി.സി. ജോർജിനെ വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം നന്ദാവനം എ.ആർ.ക്യാമ്പിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് കൊച്ചിയില്‍ അറസ്റ്റുചെയ്ത പി.സി.ജോര്‍ജിനെ ബുധനാഴ്ച അര്‍ധരാത്രിയില്‍ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. 12.40 ഓടെയാണ് എത്തിയത്. ആദ്യം നന്ദാവനം എ.ആര്.ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കൊച്ചി-തിരുവനന്തപുരം രണ്ടര മണിക്കൂര്‍
പത്തുമണിയോടെയാണ് ജോര്‍ജിനെയും കൊണ്ടുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. രണ്ടരമണിക്കൂര്‍കൊണ്ട് തലസ്ഥാനത്ത് എത്തി. തിരുവനന്തപുരം നന്ദാവനം എ.ആര്.ക്യാമ്പ്, ആറ്റിങ്ങല്‍ ടൗണ്‍, നാവായിക്കുളം, മംഗലപുരം, അമ്പലപ്പുഴ മേഖലകളില്‍ ബി.ജെ.പി.യുടെ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടങ്ങളില്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോര്‍ജിനെ അഭിവാദ്യമര്‍പ്പിച്ച് ബിജെ.പി. പ്രവര്‍ത്തകര്‍ ഒത്തുകൂടി. 12 മണിയോടെ എ.ആര്.ക്യാമ്പിനു മുന്നില്‍ ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ എത്തിയത് തര്‍ക്കത്തിന് ഇടയാക്കി. കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കി. ഇരുപതോളം പ്രവര്‍ത്തകരെയാണ് പോലീസ് നീക്കിയത്. അതിവേഗത്തിലാണ് പി.സി.ജോര്‍ജുമായുള്ള വാഹനമെത്തിയതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആരോപിച്ചു.
പോലീസ് വാഹനമിടിച്ച് ഒരാള്‍ക്ക് പരിക്ക്
മംഗലപുരത്ത് പോലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. രാത്രി 12.15 ഓടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചുകടന്നപ്പോള്‍ മുഹമ്മദിനെ വാഹനമിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സുരക്ഷയ്ക്ക് സന്നാഹം
എ.ആര്. ക്യാമ്പിനുമുന്നില്‍ സുരക്ഷയ്ക്കായി വിന്യസിച്ചത് നൂറിലധികം പോലീസുകാരെ. ഇവിടെക്കൂടിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. പോലീസുമായി കൈയാങ്കളിയുമുണ്ടായി.
ജോര്‍ജ് ഹാജരായത് സ്വമേധയാ- ഷോണ്‍ ജോര്‍ജ്
വളരെ മാന്യമായാണ് പോലീസ് പെരുമാറിയതെന്നും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്നും പി.സി.ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. കോടതി ജാമ്യം നിഷേധിച്ചതുകൊണ്ടും കോടതിയോട് ബഹുമാനമുള്ളതുകൊണ്ടുമാണ് സ്വമേധയാ പി.സി.ജോര്‍ജ് ഹാജരായതെന്നും ജോര്‍ജിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഷോണ്‍ വ്യക്തമാക്കി. ആദ്യം എ.ആര്.ക്യാമ്പിനുള്ളിലേക്ക് ഷോണ്‍ ജോര്‍ജിനെ കയറ്റിവിട്ടില്ലെങ്കിലും പിന്നീട് പോകാന്‍ പോലീസ് സമ്മതിച്ചു.
പ്രതിഷേധവുമായി ബി.ജെ.പി.
പി.സി.ജോര്‍ജിനെ എ.ആര്.ക്യാമ്പിലെത്തിക്കുന്നുവെന്ന് അറിഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇവിടെ 12 മണിയോടെ ഒത്തുചേര്‍ന്നിരുന്നു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് എത്തിയത്.
ഒടുവില്‍ 12.40 ഓടെ ജോര്‍ജുമായുള്ള വാഹനവ്യൂഹം എത്തി. പുഷ്പവൃഷ്ടിയും അഭിവാദ്യമര്‍പ്പിച്ചും ജോര്‍ജിനെ സ്വീകരിച്ചു. ജോര്‍ജിന്റെ വണ്ടിക്ക് മുന്നിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ച് മുന്നോട്ടുചാടി. വളരെ ശ്രമകരമായാണ് പോലീസ് ജോര്‍ജിന്റെ വാഹനം ക്യാമ്പിലേക്ക് കടത്തിവിട്ടത്. പിന്നീട് പ്രവര്‍ത്തകര്‍ ക്യാമ്പിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..