തിരുവനന്തപുരം:  വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഖേദപ്രകടനവുമായി പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ മാസമാണ് പി.സി ജോര്‍ജിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദമായ ഫോണ്‍ സംഭാഷണം പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ശേഷം ഖേദപ്രകടനം സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പി.സി. ജോര്‍ജ് പോസ്റ്റ് ചെയ്തത്. 

ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാല്‍ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടര്‍ത്താനുമുള്ള ശ്രമം നടക്കുന്നുവെന്നും പി.സി ജോര്‍ജ് തന്റെ ഖേദപ്രകടനത്തില്‍ പറയുന്നു.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ പള്ളികളില്‍ പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും പി.സി ജോര്‍ജ് പറയുന്നു. 

ഫോണില്‍ വിളിച്ചയാള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുണ്ടായി. അതില്‍ വന്നിട്ടുള്ള സംഭാഷണങ്ങള്‍ ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനുണ്ടാക്കിയ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പിസി ജോര്‍ജ് പറയുന്നു. 

ഈരാറ്റുപേട്ടക്കാര്‍ക്കെതിരെ വര്‍ഗീയവാദവും തീവ്രവാദവും ആരോപിക്കുന്ന പ്രസ്തുത ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല എന്നതായിരുന്നു പി.സി ജോര്‍ജ് ഇതുവരെ നിലപാടെടുത്തിരുന്നത്. 

Content Highlights: PC George, Controversial Telephonic Conversation