പി.സി ജോർജ്, പിണറായി വിജയൻ | Photo: മാതൃഭൂമി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി പി.സി ജോർജ്. ഫാരിസ് അബൂബക്കറാണ് പിണറായി വിജയന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതെന്ന് പി.സി ജോർജ് ആരോപിച്ചു. ഇപ്പോൾ തനിക്കെതിരെ വന്നിരിക്കുന്ന പീഡന ആരോപണം, ഫാരിസ് അബൂബക്കറുമായുള്ള പിണറായി വിജയന്റെ ബന്ധം പുറത്തു പറയാൻ പോകുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറത്ത് വെച്ച് നടന്ന സി.പി.എം പാർട്ടി സമ്മേളനത്തിൽ വി.എസിനെ വീഴ്ത്തി പാർട്ടിയെ പിണറായിയുടെ കീഴിലാക്കിയത് ഫാരിസാണ്. 14 ജില്ലകളിൽ 11 ജിലകളുടെ ഭൂരിപക്ഷവുമായിട്ടാണ് വി.എസ് പാർട്ടി സമ്മേളനത്തിന് എത്തിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വി.എസ് അച്യുതാനന്ദൻ ദയനീയമായി പരാജയപ്പെട്ടു. പിണറായി വിജയന്റെ മെന്ററായിരുന്ന ഫാരിസ് അബൂബക്കർ അവിടെ ഒളിച്ചു താമസിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. പണം കൊടുത്ത് ചാക്കിടുകയായിരുന്നു. 11 ജില്ലാ കമ്മിറ്റിയും പിടിച്ച വി.എസിനെ ദയനീയമായി പരാജയപ്പെടുത്തി പിരിച്ചു വിടുകയും ചെയ്തു. അന്നാണ് പിണറായിയുടെ കൈയിലേക്ക് പാർട്ടി വഴങ്ങിക്കൊടുത്തത്, പാർട്ടി പിണറായിക്ക് കീഴ്പ്പെട്ടു. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കമ്മ്യൂണിസം നഷ്ടപ്പെട്ടു. ഏകാധിപതിയായ സ്റ്റാലിനിസത്തിന്റെ വക്താവായ പിണറായി വിജയൻ ഈ പാർട്ടിയുടെ ഏകാധിപതിയായി പ്രവർത്തിച്ചു പോകുകയാണ്. ഈ ഏകാധിപത്യത്തിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന മെന്ററാണ് ഫാരിസ് അബൂബക്കറെന്നും പി.സി ജോർജ് ആരോപിച്ചു.
അതേസമയം തനിക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് കേസെടുത്ത പോലീസ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേയും കേസെടുക്കണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. ഇ.പി ജയരാജനെതിരെ പരാതി നൽകുമെന്നും പി.സി വ്യക്തമാക്കി.
എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജൻ നടത്തിയിരിക്കുന്നത്, തനിക്കെതിരെ ചുമത്തിയിരിക്കുന്ന സെക്ഷൻ 153 എ പ്രകാരം കലാപാഹ്വാത്തിന് ശ്രമിച്ചു എന്ന അതേ കേസാണ്. എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഈ കുറ്റം ചെയ്തത് കോൺഗ്രസാണെന്ന് പ്രഖ്യാപിച്ച് അന്ന് രാത്രിമുതൽ വലിയ പ്രക്ഷോഭമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെതിരെ നടന്നത്. നിരവധി കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നു. ഇതിന് പ്രേരണയായത് ഇ.പി ജയരാജന്റെ പ്രസ്താവനയാണ്. ഈ പ്രസ്താവന ശരിയാണോ എന്ന് തെളിയിക്കാൻ ഇന്നും പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ലഹളയ്ക്കുള്ള ആഹ്വാനം ഐപിസി സെക്ഷൻ 153 അനുസരിച്ച് ഇ.പി ജയരാജനെതിരെ കേസെടുക്കണമെനന് ആവശ്യപ്പെട്ട് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നാണ് പിസി അറിയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..