പി.സി.ജോർജ്
കൊച്ചി: ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസിനെതിരെ പി.സി. ജോര്‍ജ്. മാര്‍ മിലിത്തിയോസ് ഇടതുപക്ഷക്കാരനും പിണറായിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണെന്നും ജോര്‍ജ് പറഞ്ഞു. പി.സി.ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാവില്ലെന്ന് കഴിഞ്ഞദിവസം തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പോലീസിന് മുന്നില്‍ ഹെലികോപ്ടറില്‍ പോയി ഹാജരാകാന്‍ താന്‍ ഇന്നലെ ശ്രമം നടത്തിയിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
'ഞാന്‍ എന്‍.ഡി.എയുടെ ഭാഗമല്ല. ഞാന്‍ പങ്കുവെച്ച ആശയങ്ങള്‍ ശരിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി. എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഏതോ ഒരു ബിഷപ്പ് എന്തോ പറഞ്ഞു, എനിക്കത് കേട്ടപ്പോള്‍ ചിരിവന്നു. ഞാന്‍ ഒരു പിതാക്കന്മാരേയും നികൃഷ്ടജീവിയെന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ച ആളിന് വേണ്ടി ജോലി ഏറ്റെടുക്കുന്നത് അപമാനകരമാണ്. പിണറായിപക്ഷക്കാരനായത് കൊണ്ടാണ് ഈ ബിഷപ്പ് അങ്ങനെ പറഞ്ഞതെന്ന് കരുതുന്നു. തന്നേയും പിണറായി നികൃഷ്ടജീവിയെന്നാണ് വിളിക്കുന്നതെന്ന് ഇയാള്‍ ഓര്‍ത്താല്‍ നന്ന്'- പി.സി. ജോര്‍ജ് പറഞ്ഞു.
ലോകം മുഴുവന്‍ ഞായാറാഴ്ച ദിവസം അവധിയാണ്. ഈ ദിവസം ഹാജരാകാന്‍ പറയാന്‍ പോലീസിനെന്ത് കാര്യം. പോലീസ് തനിക്ക് നാല് നോട്ടീസാണ് അയച്ചത്. തന്നെ കളിയാക്കുകയാണ് ഈ വിവരം കെട്ടവന്മാര്. തനിക്ക് വരാന്‍ കഴിയില്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഒരു പാര്‍ട്ടിയുടെ ചെയര്‍മാനാണ് താന്‍. അന്നെങ്കിലും തൃക്കാക്കരയില്‍ പോയി സത്യം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം. മറ്റൊന്ന് ഇന്നലെ ഞായറാഴ്ചയാണ്. അതുകൊണ്ടാണ് വരാന്‍ പറ്റില്ലെന്ന് പറഞ്ഞത്.
അത്ര നിര്‍ബന്ധമാണെങ്കില്‍ ഇന്നലെ തന്നെ ഹെലികോപ്ടര്‍ എടുത്ത് പോകാന്‍ ഉദ്ദേശിച്ചതാണ്. പണം പോയാലും വേണ്ടിയില്ല നിയമം ലംഘിച്ചെന്ന് വേണ്ട. എന്തുവേണമെന്ന് ചോദിച്ച് പോലീസിന് വിളിച്ചെങ്കിലും ഫോണെടുത്തില്ല. പിന്നീട് തന്റെ മകന് വിളിച്ചപ്പോള്‍ തങ്ങള്‍ ആലോചിച്ച് പറയാമെന്നാണ് പറഞ്ഞത്. അവര്‍ ആലോചിക്കട്ടെ, ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. നാണംകെട്ട രാഷ്ട്രീയമാണ് തനിക്ക് സമന്‍സ് അയച്ചതിന് പിന്നില്‍. കോടതിയില്‍ ഇക്കാര്യം പറയുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇത്ര വലിയ വിഷയം ഉന്നയിച്ച് പിണറായി എന്നെ ഭീകരമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ രക്ഷിക്കാന്‍ വന്ന ഏക രാഷ്ട്രീയപാര്‍ട്ടി ബി.ജെ.പിയാണ്. സ്വാഭാവികമായി അവരോട് നന്ദിയില്ലെങ്കില് താന്‍ മനുഷ്യനാണോയെന്നും പി.സി. ജോര്‍ജ് ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..