തിരുവനന്തപുരം: പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. കുണ്ടറയില്‍ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കുന്നത് സംബന്ധിച്ചാണ് പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നതെന്നും ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

'ഞാന്‍ അദ്ധ്യക്ഷനാകുന്നതു മുന്‍പാണിത്. രത്‌നാകരന്‍ ഒരാളുടെ പേര് പറഞ്ഞു. അന്നത്തെ എന്‍.സി.പി പ്രസിഡന്റ് വേറൊരാളെ വെച്ചു. അവര്‍ രണ്ടു പേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് അവിടെയുള്ള സംഘടനാ പ്രശ്‌നം. അവര്‍ പരസ്പരം പോരടിക്കുകയും എല്ലാക്കാര്യങ്ങളിലും രണ്ടു പക്ഷം പിടിക്കുകയും ചെയ്തു. അവിടെത്തന്നെയുള്ള രണ്ടാളുകളാണ് ശശീന്ദ്രനോട് പ്രസ്തുത പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് പറയുന്നത്. കേസ് പിന്‍വലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്‌നമാക്കി മാറ്റിയാല്‍ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവര്‍ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാം.

ഇത്തരം സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ പോലീസ് കേസെടുത്തു അന്വേഷിക്കണം. കഴമ്പുണ്ടെങ്കില്‍ എഫ്‌ഐആര്‍ ഇടണം, അമ്പേഷണം മുന്നോട്ട് കൊണ്ടുപോകണം. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒന്നിലേറെ സ്ത്രീകളാണ് പരസ്യമായ നിലപാടുകളെടുത്ത് മുന്നോട്ട് വന്നത്. അന്നിവിടെയാരും രാജിവെച്ചില്ല. പ്രതിപക്ഷനേതാവടക്കം രാജിക്കായി മുറവിളി കൂട്ടുന്ന ആളുകള്‍ വസ്തുതകള്‍ മനസ്സിലാക്കുന്നില്ല. യത്ഥാര്‍ഥത്തില്‍ അവിടെയെന്താണ് സംഭവിച്ചത്, അവിടുത്തെ പ്രശ്‌നമെന്താണ്, ശശീന്ദ്രന്‍ എന്താണ് പറഞ്ഞത്, എന്‍.സി.പിയിലെ തര്‍ക്കമെന്താണ് ഇതൊന്നും അറിയാതെയാണ് അദ്ദേഹം ഒരു ബലാത്സംഗക്കേസില്‍ ഇടപെട്ടു എന്ന് പറയുന്നത്. 

ബ്ലോക്ക് പ്രസിഡന്റിന്റെ മകള്‍ അവിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് മത്സരിച്ചപ്പോള്‍ ആ പെണ്‍കുട്ടിയുടെ അന്നത്തെ പോസ്റ്ററെടുത്ത് ഫേസ്ബുക്കിലിട്ടു എന്നതാണ് തര്‍ക്കം. പക്ഷേ അതില്‍ ആ പെണ്‍കുട്ടിയെപ്പറ്റി മോശമായിട്ടൊന്നും പറയുന്നില്ല. പാര്‍ട്ടിയിലുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയല്ല ഇപ്പോളുണ്ടായിട്ടുള്ള ഈ പീഡനപരാതിയെന്നും' പി.സി ചാക്കോ പറഞ്ഞു.

Content Highlights: P C Chacko supports A K Saseendran in harassement settling case