ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പി.ബി, കേന്ദ്ര നേതാക്കള്‍ക്കെതിരെ രൂക്ഷ  വിമര്‍ശനം. പി.ബി അംഗങ്ങളും കേന്ദ്രനേതാക്കളും മാധ്യമങ്ങളോട് നടത്തുന്ന വിടുവായിത്തം നിര്‍ത്തണമെന്നാണ് പ്രധാന വിർശം. പി.ബിയിലെയും കേന്ദ്ര ആസ്ഥാനത്തേയും ചര്‍ച്ചകള്‍ തത്സമയം മാധ്യമങ്ങള്‍ക്ക് ചോരുന്നുവെന്നും ഗുരുതരമായ ഈ അച്ചടക്ക ലഘനം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

ബംഗാള്‍ ഘടകത്തിനെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. വാര്‍ത്ത ചോരുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ബി.വി.രാഘവുലുവിനെ ചുമതലപ്പെടുത്തി. പാര്‍ട്ടി ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നതിന് ഏകീകൃത സംവിധാനം ഉണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.ഗുരുതരമായ അച്ചടക്കലംഘനമാണിത്. നേതാക്കള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വാര്‍ത്ത ചോര്‍ത്തി നല്‍കല്‍ നടപടി അവസാനിപ്പിക്കണം. പ്രവര്‍ത്തകര്‍ക്ക് മാതൃകയാകേണ്ട നേതാക്കള്‍ തന്നെ ഇത്തരത്തിലൊരു നടപടി കൈകൊള്ളുന്നത് ശരിയല്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ ദേശീയ നേതൃത്വവുമായി ഭിന്നിച്ച് നില്‍ക്കുന്ന ബംഗാള്‍ ഘടകത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടന്നത്. പി.ബി.തള്ളിയിട്ടും കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണണമെന്നും നാളെ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ യെച്ചൂരിയുടെ നിലപാടിനെതിരെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറുമെന്ന് കരട് രാഷ്ട്രീയ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ പി.രാജീവ് പറഞ്ഞു.