കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ സി.പി.എം നേതാക്കളടക്കം ഒമ്പതുപേരെ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ വെള്ളിയാഴ്ച സി.പി.എം ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാത്രിതന്നെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സി.പി.എം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മനോജ് വധക്കേസില്‍ നിരപരാധികളെയാണ് സി.ബി.ഐ അറസ്റ്റു ചെയ്തതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിനു പിന്നിലെന്നും സി.പി.എം ആരോപിച്ചു.

സി.പി.എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി വി പി രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്, പയ്യോളി ലോക്കല്‍ കമ്മിറ്റിയംഗം ഡി സുരേഷ്, ഡിവൈഎഫ്‌ഐ നേതാവ് എന്‍ സി മുസ്തഫ തുടങ്ങിയ ഒമ്പതുപേരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ലോക്കല്‍ പോലീസിനെ അറിയിക്കാതെ വടകര ക്യാമ്പ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സി.പി.എം നേതാക്കള്‍ അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റുചെയ്തത്.