സി.പി.എം. വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഓഫീസായ പി.കണ്ണൻനായർ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുശേഷം മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനോട് യാത്രപറയുന്ന സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.
പയ്യന്നൂര്‍: സി.പി.എം. വെള്ളൂര്‍ ഈസ്റ്റ് ബ്രാഞ്ച് ഓഫീസായ പി. കണ്ണന്‍നായര്‍ മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ സാന്നിധ്യം കൊണ്ട് പ്രതിഷേധിക്കുകയായിരുന്നു മുന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്. സദസ്സിലിരുന്നും നേതാക്കളുമായി അകലം പാലിച്ചും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തു.
സി.പി.എം. പയ്യന്നൂര്‍ ഏരിയയുമായി ബന്ധപ്പെട്ടുണ്ടായ നടപടികളില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും ഈസ്റ്റ് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിന് എത്തുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓഫീസുമായുള്ള ആത്മബന്ധമാണ് പങ്കെടുക്കുന്നതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്.
ഉദ്ഘാടനസമ്മേളനം നടക്കുന്ന വേദിക്കരികില്‍ പരിപാടികള്‍ ആരംഭിക്കുംമുന്‍പ് തന്നെയെത്തിയ അദ്ദേഹം അരികിലെത്തിയ എല്ലാവരുമായും സൗഹൃദം പങ്കിട്ടു.
പയ്യന്നൂരില്‍ പയറ്റുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന് പറഞ്ഞു. അവസരം കിട്ടിയാല്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ എല്ലാവരും ചെങ്കൊടിക്കൊപ്പവും ചെങ്കൊടിയുടെ നിയന്ത്രണത്തിലുമാണെന്നും വിജയരാഘവന് പറഞ്ഞു. സി.പി.എം. വെള്ളൂര്‍ ഈസ്റ്റ് ബ്രാഞ്ച് ഓഫീസായ പി.കണ്ണന്‍നായര്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ നോട്ടീസില്‍ പേരുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ക്കൊപ്പം രണ്ടാംനിരയിലെ കസേരയിലായിരുന്നു കുഞ്ഞികൃഷ്ണന് ഇരുന്നത്. സ്വാഗതപ്രസംഗകന് വി.കുഞ്ഞികൃഷ്ണന്റെ പേര് വിളിച്ചപ്പോള്‍ മറ്റാര്‍ക്കും ലഭിക്കാത്ത കൈയടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനൊപ്പംനിന്ന് പ്രസംഗിച്ച്, കുഞ്ഞികൃഷ്ണനെ പരിഗണിക്കാതെയാണ് ഉദ്ഘാടകന്‍ കടന്നുപോയത്. എന്നാല്‍ സമ്മേളനശേഷം പോകാനിറങ്ങിയ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് കുഞ്ഞികൃഷ്ണന്റെ സമീപത്തെത്തി യാത്രപറയുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..