വിവിധമത്സ്യങ്ങളുടെ ചിത്രം വരച്ചുവെച്ചതുപോലെയുള്ള പയന്തി മത്സ്യം
കൊയിലാണ്ടി: തൊലിപ്പുറത്ത് വിവിധ മത്സ്യങ്ങളുടെ ചിത്രങ്ങളുമായുള്ള കൂറ്റന്‍ പയന്തിമത്സ്യം കടലോരത്തിന് കൗതുകമായി. കൊയിലാണ്ടി ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ സെന്റര്‍ ബോട്ടുകാര്‍ക്കാണ് അപൂര്‍വയിനം പയന്തിമത്സ്യം ലഭിച്ചത്. കറുത്തതൊലിയില് കടലിലെ വിവിധമത്സ്യങ്ങളുടെ ചിത്രങ്ങള്‍ വരച്ചുവെച്ചതുപോലെയായിരുന്നു ഈ പയന്തി. ചെമ്മീനും സ്രാവും അയലയും മത്തിയുമെല്ലാം പയന്തിയുടെ തൊലിയില്‍ വരച്ചിട്ടതുപോലെ. ഒരുഭാഗത്ത് മാത്രമാണ് ചിത്രങ്ങളുടേതുപോലുള്ള തൊലിയുള്ളത്.
പയന്തിമത്സ്യം അപൂര്‍വമായി വലയില്‍ കുടുങ്ങാറുണ്ടെങ്കിലും ദേഹമാസകലം മറ്റ് മീനുകളുടെ ചിത്രമുള്ളയിനം ആദ്യമായാണ് കാണുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മീനിനെ കിട്ടിയ ഉടന്‍ ബോട്ടിലുള്ളവര്‍ ചിത്രവും വീഡിയോയുമെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ മത്സ്യം വൈറലായി.
വെള്ളിയാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി തീരത്തുനിന്ന് നാല് നോട്ടിക്കല്‍മൈല്‍ അകലെയാണ് പയന്തി വലയില്‍ കുടുങ്ങിയത്. ആവോലിയോട് സാദൃശ്യമുള്ള മത്സ്യത്തെ കണ്ടപ്പോള്‍ കൗതുകമായി. സൂക്ഷിച്ചുനോക്കിയപ്പോഴാണ് വിവിധ കടല്മത്സ്യങ്ങളോട് സാദൃശ്യം തോന്നിപ്പിക്കുന്ന തൊലിപ്പുറം കണ്ടത്. പയന്തിക്ക് കിലോയ്ക്ക് 500 രൂപവരെ കിട്ടും. സെന്റര്‍ ബോട്ടുകാര്‍ക്ക് ലഭിച്ച പയന്തിക്ക് നാലുകിലോവരെ തൂക്കമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..