പോൾ മുത്തൂറ്റ്, സുപ്രീംകോടതി | ഫയൽചിത്രം/ മാതൃഭൂമി
ന്യൂഡല്‍ഹി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. പോള്‍ എം. ജോര്‍ജിന്റെ സഹോദരന് ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കേസിലെ മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് നല്കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ എല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവരാണ് ഹാജരായത്.
പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019ലാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണ കോടതിയുടെ ശിക്ഷയ്ക്ക് എതിരെ അപ്പീല്‍ നല്‍കാത്ത കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ മാത്രമാണ് ഹൈക്കോടതി ശരിവച്ചത്.
Content Highlights: Paul Muthoot murder: Supreme Court notice on brother's petition against acquittal of six accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..