കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ഭരത്ഭൂഷണ്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളായിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ വിജിലന്‍സ് അന്വേഷണം ഇതോടെ ഇല്ലാതായി. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തത്കാലം കോടതിയലക്ഷ്യ നടപടികളിലേക്ക് പോകുന്നില്ലെന്നും വ്യക്തമാക്കി.

തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഫ്‌ളാറ്റ് കമ്പനിക്ക് കൂട്ടുനില്‍ക്കുകയും അതിനുവേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കേസ്. ജല അതോറിറ്റിയുടെ സ്ഥലമാണ് ഫ്‌ളാറ്റ് കമ്പനി സ്വന്തമാക്കിയത്. ജല അതോറിറ്റിയുടെ നിലപാട് വകവയ്ക്കാതെ കമ്പനിക്കനുകൂലമായ തീരുമാനം ഉമ്മന്‍ചാണ്ടി സ്വീകരിച്ചു എന്നതായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.