തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഫ്ളാറ്റ് കമ്പനിക്ക് കൂട്ടുനില്‍ക്കുകയും അതിനുവേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കേസ്. വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തത് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് ആശ്വാസമാകും.

ജല അതോറിറ്റി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച അഴുക്കുചാലിന്റെ ഗതി ഫ്ളാറ്റ് കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ മാറ്റിവിട്ടുവെന്ന് വിജിലന്‍സ് അന്വേഷണ്തതില്‍ കണ്ടെത്തിയിരുന്നു. ഇതിനായി ജലവിഭവവകുപ്പിന്റെ അംഗീകാരം തേടിയിരുന്നില്ല. ഭൂമി തങ്ങളുടേതാണെന്ന് വകുപ്പ് നേരത്തെ അറിയിച്ചത് അവഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ നീക്കമെന്നും വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2009ലെ എജി റിപ്പോര്‍ട്ടും 2013ലെ വിജിലന്‍സ് റിപ്പോര്‍ട്ടും ഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്നതായിരുന്നു.

സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ കൂട്ടുനിന്നെന്നായിരുന്നു ഉമ്മന്‍ചാണ്ടിയും ഭരത്ഭൂഷണും ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ്. അഴുക്കുചാല്‍ മാറ്റാന്‍ ഉത്തരവിട്ടത് പ്രതികളിലൊരാളായ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. അഴുക്കുചാല്‍ ഗതി മാറ്റാന്‍ ഫളാറ്റ് കമ്പനിയോട് 14.8 ലക്ഷം രൂപ കെട്ടിവയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ഉത്തരവ് അന്നത്തെ ജല അതോറിറ്റി എംഡി തടഞ്ഞെങ്കിലും വഴിവിട്ട നീക്കങ്ങളിലൂടെ ഉന്നതല സഹായം തേടി ഫ്ളാറ്റ്കമ്പനി ലക്ഷ്യത്തിലെത്തുകയായിരുന്നു.

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉത്തരവ് തടഞ്ഞപ്പോള്‍ കമ്പനി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സമീപിക്കുകയായിരുന്നു. ആ പരാതിയിന്മേല്‍ ഉമ്മന്‍ചാണ്ടി തീരുമാനം വൈകിപ്പിച്ചു. തുടര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണമെന്ന വിധി കമ്പനി കോടതിയില്‍ നിന്ന് സമ്പാദിച്ചു. അങ്ങനെ മുഖ്യമന്ത്രി വിഷയം ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്് കൈമാറിയെന്നും കമ്പനിക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടു എന്നുമായിരുന്നു ആരോപണം.

വിവാദ ഭൂമി സംബന്ധിച്ച റവന്യൂ രേഖകളില്‍ വ്യാപക കൃത്രിമമാണ് വിജിലന്‍സ് കണ്ടെത്തിയത്. 2006ലെ വിലയാധാരത്തിലൂടെയാണ് കമ്പനി ഭൂമി സ്വന്തമാക്കിയത്. അതിന്റെ മുന്‍പ്രമാണം 1989ലെ ഭാഗപത്രമാണ്. അതിനു മുമ്പിലത്തേത് 1970ലേതും തൊട്ടുമുമ്പുള്ളത് മലയാളവര്‍ഷം 1114ലെ ഭാഗപത്രവുമാണ്. അത് ശരിയായ ഭാഗപത്രമല്ലെന്ന് വിജിലന്‍സ് കണ്ടെത്തി. അതോടെ ഭൂമിയിന്മേലുള്ള പ്രമാണങ്ങളെല്ലാം അസാധുവാണെന്നും അത് സര്‍ക്കാര്‍ ഭൂമിയാണെന്നും വിജിലന്‍സിന് ബോധ്യപ്പെടുകയായിരുന്നു.