തിരുവനന്തപുരം: പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കൈയേറിയാണെന്ന് സര്‍ക്കാര്‍. ലോകായുക്തയിലാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പാറ്റൂരില്‍ ഭൂമികൈയേറിയിട്ടില്ലെന്ന മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞാണ് സര്‍ക്കാര്‍ പുതിയ നിലപാട് ലോകായുക്തയെ അറിയിച്ചത്.

മുന്‍സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ വിവാദത്തിലാഴ്ത്തിയ സംഭവമായിരുന്നു പാറ്റൂരിലെ ഫ്‌ളാറ്റ് നിര്‍മ്മാണം. വ്യാജമായി ചമച്ച ആധാരം ഉപയോഗിച്ചാണ് പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മ്മാതക്കള്‍ ഭൂമി കൈയേറിയതെന്നും റവന്യൂ വകുപ്പിന്റേയും വാട്ടര്‍ അതോറിറ്റിയുടേയും സ്ഥലമാണ് ഇവിടെ കൈയേറപ്പെട്ടിരിക്കുന്നതെന്നും പുതിയ സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയടക്കി ഫ്ളാറ്റ് നിര്‍മ്മിച്ചിരിക്കുകയാണെന്നും നിര്‍മ്മാണപ്രവൃത്തികള്‍ പൊളിച്ച് കൈയേറ്റം തിരിച്ചു പിടിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ ഉമ്മന്‍ചാണ്ടി, അടൂര്‍പ്രകാശ്, മുന്‍ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള പാറ്റൂര്‍ ഭൂമിവിവാദം വീണ്ടും സജീവമാക്കുകയാണ്.