പത്തനംതിട്ട: കടമ്മനിട്ടയില്‍ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിനാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തനിക്ക് യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ബന്ധം ഉപേക്ഷിച്ചതാണ് കൃത്യത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന് പെൺകുട്ടി നൽകിയ മൊഴിയിൽ വ്യക്തമാവുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു..

വീട്ടില്‍വെച്ച് വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. നാട്ടുകാരനായ സജില്‍(20) എന്നയാള്‍ക്കായുള്ള  തിരച്ചില്‍ പുരോഗമിക്കുകയാണ്.

പോലീസ് പറയുന്നതിങ്ങനെ: സജിലും പതിനേഴുവയസുള്ള പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു.
 
തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി തലവഴി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 88 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം.