Photo: PTI
പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരേ സ്ഥാനാര്‍ഥി. യു.ഡി.എഫ്. അംഗം റോയ് ഫിലിപ്പിനെയാണ് ഇരുമുന്നണികളും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മറുകണ്ടം ചാടിയാല്‍ കൂറുമാറ്റത്തില്‍ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ്. വിപ്പ് നല്‍കി.
ആദ്യം പിന്തുണവാഗ്ദാനം ചെയ്ത ഇടതുമുന്നണിക്കൊപ്പമാണ് താനെന്ന് റോയ് ഫിലിപ്പ് പറയുന്നു. എന്നാല്‍, വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത യു.ഡി.എഫ്, റോയ് ഫിലിപ്പിനെ സ്ഥാനാര്‍ഥിയാക്കി വിപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ്.
കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. മുന്നണി ധാരണ പ്രകാരം, ആദ്യ രണ്ടുവര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് അംഗം രാജിവെക്കേണ്ടിയിരുന്നു. എന്നാല്‍, ഇതുണ്ടാവാത്തതിനെത്തുടര്‍ന്ന് മുന്നണിയില്‍ അസ്വാരസ്യങ്ങളുണ്ടായി. എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയത്തില്‍ യു.ഡി.എഫിലെ രണ്ട് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയായ ജിജി വര്‍ഗീസ് ജോണ്‍ കഴിഞ്ഞ 22-ന് രാജിവെച്ചിരുന്നു. അന്നുമുതല്‍ എല്‍.ഡി.എഫും. യു.ഡി.എഫും ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
കേവലഭൂരിപക്ഷമില്ലാത്ത ഭരണസമിതിയില്‍ പ്രസിഡന്റ് രാജിവെച്ചാല്‍ തുടര്‍ഭരണം ലഭിക്കില്ലെന്ന കോണ്‍ഗ്രസിന്റെ വാദം കേരള കോണ്‍ഗ്രസിന് സ്വീകാര്യമാകാത്തതിനെത്തുടര്‍ന്നാണ് വിഷയം സങ്കീര്‍ണമായത്. മുന്നണി മാറിവന്നവര്‍ക്ക് പ്രസിഡന്റുസ്ഥാനം നല്‍കുന്നതിനെതിരേ എല്‍.ഡി.എഫിലെ ഘടകകക്ഷികളായ സി.പി.ഐ. ജനതാദള്‍, എന്‍.സി.പി. തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ വിയോജിച്ചത് എല്‍.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍, തങ്ങളുടെ ചേരിയിലെ രണ്ട് അംഗങ്ങള്‍ ഇടതുചേരിയില്‍ പോകുമെന്ന വിവരം ലഭിച്ചിട്ടും ഇവരെ മുന്നണിയില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത് യു.ഡി.എഫ്. ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയായി കരുതുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി പഞ്ചായത്തിന്റെ ചുമതലയുള്ള സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഘടകകക്ഷിയുടെ സംസ്ഥാന നേതാവും മുന്നണി എടുത്ത തീരുമാനം ഗുണകരമല്ലെന്ന് വാദിച്ചെങ്കിലും സി.പി.എം. നേതൃത്വം നല്‍കിയ വാക്ക് പാലിക്കാനായി റോയിയെ പിന്തുണയ്ക്കണമെന്ന തീരുമാനം എല്ലാവരും അംഗീകരിച്ചു. എന്നാല്‍, ത്രിപുര, ബംഗാള്‍ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കുന്ന ആദ്യ പഞ്ചായത്താണെന്നാണ് സി.പി.എം. അണികളുടെ ആക്ഷേപം. എല്‍.ഡി.എഫ്. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടില്ലാത്തതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
തോട്ടപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ കഴിഞ്ഞ മാസം സ്വതന്ത്രരായ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ എല്‍.ഡി.എഫ്. നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ മൂന്ന് അംഗങ്ങളുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡി.സി.സി. പ്രസിഡന്റ് പ്രമേയത്തെ അനുകൂലിക്കാന്‍ വിപ്പ് നല്‍കിയെങ്കിലും രണ്ട് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നതിനെത്തുടര്‍ന്ന് അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോഴഞ്ചേരിയിലെ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച അംഗത്തിനെ പ്രസിഡന്റാക്കാന്‍ വിപ്പ് നല്‍കിയ യു.ഡി.എഫ്. നടപടി. ഇതും അണികളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Content Highlights: pathanamthitta kozhencherry panchayat president election udf ldf fields same candidate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..