പ്രതീകാത്മകചിത്രം | Mathrubhumi archives
ത്തനംതിട്ട: കൊടുമണ്ണിലെ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ ജില്ലയിൽ പരിശോധന കൂടുതൽ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ 11 ദിവസങ്ങൾക്കിടെ മാത്രം ജില്ലയിൽ 43 ഹോട്ടലുകളാണ് പൂട്ടിച്ചത്. ഇതിൽ 40 ഹോട്ടലുകൾ ലൈസൻസ് ഇല്ലാത്തതിനാലും, മൂന്ന് ഹോട്ടലുകൾ വൃത്തി ഇല്ലാത്തതിനാലുമാണ് പൂട്ടിച്ചത്.
ലൈസൻസ് ഇല്ലാതെ ഇത്രയും ഹോട്ടലുകൾ എങ്ങനെ ഇത്രയും നാൾ പ്രവർത്തിച്ചുവെന്ന കാര്യം വിശദമായി പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.
ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെ കൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നുള്ളത് വരും ദിവസങ്ങളിൽ സ്ക്വാഡ് തിരിഞ്ഞ് പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ നിർദേശങ്ങൾ പാലിക്കാതിരുന്നതിന് 24 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്. എന്നാൽ പഴകിയ ഭക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്നതാണ് ആകെയുള്ള ആശ്വാസം. പരിശോധന മുൻകൂട്ടി അറിഞ്ഞതിനാൽ പഴകിയത് മാറ്റിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതർ.
വ്യക്തിശുചിത്വം കുറവ്, ആരോഗ്യകാർഡുമില്ല
ജോലിചെയ്യുന്ന ജീവനക്കാരുടെ വ്യക്തിശുചിത്വക്കുറവ്, അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്, അടുക്കളയിലെ വൃത്തിയില്ലായ്മ, എന്നിവയും മിക്ക ഹോട്ടലുകളിലും പരിശോധനയിൽ കാണാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. എല്ലാ കടകളിലെയും ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകളോ ആരോഗ്യ കാർഡുകളോ പോലുളള പ്രാഥമിക രേഖകൾ നിർബന്ധമായിട്ടും ഉണ്ടാകണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.
എന്നാൽ, ഇതര സംസ്ഥാന തൊഴിലാളികളടക്കം ജോലിചെയ്യുന്ന ഹോട്ടലുകളിലൊന്നും ഇതുണ്ടായില്ല. മലയാളികളായ ജീവനക്കാർ ജോലിചെയ്യുന്ന ഹോട്ടലുകളിലും സമാനസ്ഥിതി കണ്ടെത്തി. വളരെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നിടത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികൾ എടുത്തിട്ടുണ്ട്.
എന്നാൽ ഇതിൽ ജീവനക്കാരുടെ രോഗവിവരങ്ങളോ, വ്യക്തിശുചിത്വമോ ഒന്നും പരിശോധനാവിഷയമാകുന്നില്ല. കൂടാതെ, ജില്ലയിൽ ഭക്ഷണത്തിന്റെ വില മറ്റുസ്ഥലങ്ങളിലേ അപേക്ഷിച്ച് കൂടുതൽ അണെന്ന ആക്ഷേപവും ഉണ്ട്.
പാലിലും മായം
കഴിഞ്ഞദിവസം പന്തളത്തേക്ക് എത്തിക്കാൻ ശ്രമിച്ച 15,300 ലിറ്റർ പാലിൽ മാരകമായ വിഷാംശമാണ് കണ്ടെത്തിയത്. പിഞ്ചുകുഞ്ഞുങ്ങൾ കഴിക്കുന്ന പാലിൽ ഹൈഡ്രജൻ പെറോക്സൈഡും യൂറിയയുമാണ് ചേർത്തിരുന്നത് എന്നതാണ് പ്രാഥമിക നിഗമനം. ഇന്ന് 80 ശതമാനം ആളുകളും കവറുപാലുകളെയാണ് ആശ്രയിക്കുന്നത്.
പച്ചമുട്ടയിലുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കും - ബേക്കേഴ്സ് അസോസിയേഷൻ
അടൂർ: അടുത്തിടെയായി സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ റിപ്പോർട്ടുചെയ്യുന്ന പശ്ചാത്തലത്തിൽ, ബേക്കറികളിൽ പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കാൻ തീരുമാനിച്ചതായി ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. ബേക്കറികളിൽ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യ ഉത്പന്നം എന്നനിലയിലാണ് നോൺവെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. ഇനിമുതൽ അസോസിയേഷന്റെ കീഴിൽവരുന്ന ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും നോൺവെജ് മയോണൈസുകൾ വിളമ്പില്ല. പകരം വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയിൽ ചേർന്ന ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) സംസ്ഥാനഭാരവാഹികളുടെ അടിയന്തിരയോഗം തീരുമാനമെടുത്തതായി അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വി.എം.സാദിഖ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.വിനീഷ്, ട്രഷറർ കെ.എം.ശാമുവേൽ എന്നിവർ വ്യക്തമാക്കി.
Content Highlights: pathanamthitta hotels food security department raid no license for action taken restaurants
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..